കനത്ത മഴ: ജലനിരപ്പ് ഉയർന്നു; കക്കയം ഡാമിൽ ബ്ലൂ അലർട്ട്; പുഴയോരത്ത് ജാഗ്രത


കൂരാച്ചുണ്ട്: കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 755.50 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. ഡാമിൽ നിന്ന് അധിക ജലം ഒഴുക്കിവിടുന്നതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായാണിത്. കുറ്റ്യാടി പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ജില്ലയുടെ പല ഭാ​ഗങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. വെെകീട്ട് പനങ്ങാട് മേഖലയിൽ കനത്ത മഴയിൽ പുഴയിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് പാലം മുങ്ങി. ഇന്ന് വെെകീട്ട് മൂന്ന് മണിമുതൽ വിലങ്ങാട് മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മൂന്നരയോടെ പുഴയിലെ ജലനിരപ്പ് ഉയരുകയായിരുന്നു. പ്രദേശത്ത് ഉരുൾപൊട്ടിയതായും സംശയമുയർന്നിട്ടുണ്ട്. പാനോം വനമേഖലയിലാണ് ഉരുൾപൊട്ടലുണ്ടായെന്ന് സംശയിക്കപ്പെടുന്നത്. വെള്ളത്തിനൊപ്പം മരക്കഷ്ണങ്ങളും മറ്റും ഒഴുകി വരുന്നുണ്ട്. നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായിരുന്ന മേഖലയാണിത്.

Summary: Heavy rains: water levels rise; Blue alert on Kakkayam Dam