ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത; കോഴിക്കോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലെര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. കോഴിക്കോട് ഉൾപ്പെടെ അഞ്ച് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി, പാലക്കാട്, ജില്ലകളിലാണ് യെല്ലോ അലെര്‍ട്ടുള്ളത്. അടുത്ത അഞ്ചുദിവസത്തേക്ക് മിതമായ തോതില്‍ മഴ പെയ്യുമെന്ന മുന്നറിയിപ്പുമുണ്ട്.
ശക്തി കൂടിയ ന്യുനമർദ്ദം ( Well Marked Low Pressure Area) വടക്കൻ ഒഡിഷക്ക് മുകളിലായി സ്ഥിതി ചെയ്യുന്നു. അടുത്ത രണ്ടു ദിവസം ഛത്തീസ്ഗഡ് – കിഴക്കൻ മധ്യപ്രദേശ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത. തെക്ക് കിഴക്കൻ ഉത്തർപ്രാദേശിനും വടക്ക് കിഴക്കൻ മധ്യപ്രാദേശിനും മുകളിലായി ചക്രവാതചുഴി നില നില്‍ക്കുന്നുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.
മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഇടിമിന്നല്‍ ജാഗ്രതയുള്ളതിനാല്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് നിര്‍ദേശമുണ്ട്.
Summary: heavy rain kerala, yellow alert in Kozhikode