സംസ്ഥാനത്ത് വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്; കോഴിക്കോട് ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, തീരദേശ മേഖലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം
കോഴിക്കോട്: വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഞായറാഴ്ച്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കന്‍ ഒഡീഷയ്ക്കും- വടക്കന്‍ ആന്ധ്രപ്രദേശിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദം ചക്രവാത ചുഴിയായി. നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇന്നും നാളെയും കേരളാതീരത്ത് ശക്തമായ തിരമാലയ്ക്കും സാധ്യതയുണ്ട്. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്കി. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കുമാണ് സാധ്യത.