ജില്ലയിൽ വരാനിരിക്കുന്നത് കനത്ത മഴയുടെ നാളുകൾ; തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും, മലയോരങ്ങളിലും താമസിക്കുന്നവര്‍ ഏറെ സൂക്ഷിക്കണം; വിവിധയിടങ്ങളിൽ ഉരുൾപൊട്ടി ആളുകളെ കാണാതായി


കോഴിക്കോട്: തെക്കൻ മേഖലകളിൽ മഴ കനത്ത നാശം വിതയ്ക്കുന്നതിനു പിന്നാലെ കോഴിക്കോടിനും റെഡ് അലേർട്ട്. തുടര്‍ച്ചയായി രണ്ട് ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ വടക്കൻ കേരളത്തിലേക്കും കനത്ത മഴയന്നാണ്‌ അറിയിപ്പ്. കടലും പ്രക്ഷുബ്ധമാണ് ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിലാണ് കോഴിക്കോട്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അതിതീവ്രമഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്.

ജില്ലയില്‍ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. മഴ കടുത്താല്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കാനാണ് തീരുമാനം. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും, മലയോരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.

മുന്‍കരുതലെന്ന നിലയില്‍ അടുത്ത നാല് ദിവസത്തേക്ക് കോഴിക്കോട് ജില്ലയിലെ ക്വാറികള്‍ അടച്ചിടും. പാറപൊട്ടിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളച്ചാട്ടങ്ങളും നദീതീരമുള്ളതുമായ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടാനും അധികൃതര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. 2019-ലെ പ്രളയത്തില്‍ കോഴിക്കോട് ജില്ലയില്‍ വലിയ നാശമുണ്ടായിരുന്നു ഈ സാഹചര്യത്തില്‍ വേണ്ട മുന്‍കരുതലെടുക്കാനാണ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശം.

അതീവ ജാഗ്രതയുണ്ടാവണം, അനാവശ്യ യാത്രകളും ഒഴിവാക്കാം.


ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..