മാന്‍ഡഡ് പ്രഭാവം ശക്തമായി തുടരുന്നു; കേരളത്തില്‍ മഴ തുടരും, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്



കോഴിക്കോട്:
മാന്‍ഡസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ ഇന്നും മഴ ശക്തമായി തുടരും. കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ഇന്നും നാളെയും കൂടി കേരളത്തില്‍ മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്.

കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 13 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. കരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 13 വരെ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

തമിഴ്‌നാട്ടില്‍ കര തൊട്ട മാന്‍ഡസ് ചുഴലിക്കാറ്റ് ദുര്‍ബലമായി ചക്രവാത ചുഴിയായി മാറിയതാണ് ഇതിന് കാരണം. ചക്രവാതചുഴി വടക്കന്‍ കേരള – കര്‍ണാടക തീരം വഴി തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിച്ച് ഡിസംബര്‍ 13 ഓടെ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ച് ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകാനാണ് സാധ്യത. ഇത് കാരണം കേരളത്തില്‍ ഡിസംബര്‍ 13 വരെ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിട്ടുള്ളത്.

മഴ സാഹചര്യം ശക്തമായതിനാല്‍ ഇന്ന് സംസ്ഥാനത്തെ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.