കനത്ത മഴയില്‍ കൊയിലാണ്ടി താലൂക്കില്‍ 19 വീടുകള്‍ ഭാഗികമായി തകര്‍ന്നു; ബാലുശ്ശേരിയും ചങ്ങരോത്തും ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി


കൊയിലാണ്ടി: കനത്ത മഴയില്‍ കൊയിലാണ്ടി താലൂക്കില്‍ 19 വീടുകള്‍ ഭാഗികമായി തകര്‍ന്നു. താലൂക്കിലെ 19 വില്ലേജുകളിലെ കണക്കാണിത്.

ചങ്ങരോത്ത് വില്ലേജിലെ കടിയങ്ങാട് എല്‍.പി സ്‌കൂളില്‍ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. ചങ്ങരോത്ത് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ കോവുമ്മല്‍ സുലോചനയെയും കുടുംബത്തെയുമാണ് ക്യാമ്പിലേക്ക് മാറ്റിയത്.

ബാലുശ്ശേരി ഗവ.എല്‍.പി സ്‌കൂളിലും ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ആറ് കുടുംബങ്ങളില്‍ നിന്നായി ഏഴ് പുരുഷന്മാരും പത്ത് സ്ത്രീകളും മൂന്ന് കുട്ടികളുമുള്‍പ്പെടെ 20 പേരാണ് ക്യാമ്പില്‍ കഴിയുന്നത്.

കൊയിലാണ്ടി നഗരസഭാ പരിധിയില്‍ ചിലയിടങ്ങളില്‍ ചെറിയ തോതില്‍ വെള്ളക്കെട്ടുണ്ടെങ്കിലും പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് തഹസില്‍ദാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ആരെയും മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. വീടുകളില്‍ വെള്ളം കയറിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.