കൊയിലാണ്ടിയില്‍ കനത്ത പോളിങ്, നാലുമണിക്കൂറില്‍ പോള്‍ ചെയ്തത് 23.24% വോട്ടുകള്‍; പൊരിവെയിലിലും ബൂത്തുകളില്‍ നീണ്ട ക്യൂ


കൊയിലാണ്ടി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ കൊയിലാണ്ടിയില്‍ കനത്ത പോളിങ്. ഇതിനകം 23.24% ശതമാനം വോട്ടുകളാണ് കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ പോള്‍ ചെയ്തത്. കോഴിക്കോട് ജില്ലയില്‍ ആകെ 24.76% വോട്ടുകളാണ് നാലുമണിക്കൂറില്‍ പോള്‍ ചെയ്തത്.

ഉച്ചച്ചൂട് കണക്കിലെടുത്ത് വോട്ടര്‍മാരില്‍ ഏറെപ്പേരും രാവിലെയാണ് വോട്ടിങ്ങിനായി തെരഞ്ഞെടുത്തതെന്നതിനാല്‍ വോട്ടിങ് തുടങ്ങുന്നതിന് മുമ്പുതന്നെ കൊയിലാണ്ടിയിലെ പല ബൂത്തുകള്‍ക്ക് മുമ്പിലും നീണ്ട ക്യൂ കാണാമായിരുന്നു. എണ്‍പത്തിയഞ്ച് വയസുകഴിഞ്ഞവരും ഭിന്നശേഷിക്കാരും വീടുകളില്‍ വോട്ടു ചെയ്‌തെങ്കിലും ഓപ്പണ്‍ വോട്ടുകള്‍ക്കായുള്ള ക്യൂവിലും തിരക്ക് തന്നെയായിരുന്നു. പ്രായമായവരെയും കൊണ്ട് വെയിലാകുന്നതിന് മുമ്പുതന്നെ വോട്ടു ചെയ്ത് മടങ്ങാമെന്ന് കരുതി ഏഴുമണിയോടെ ബൂത്തിലെത്തിയ പലരും രണ്ടും മൂന്നും മണിക്കൂര്‍ കാത്തുനിന്നശേഷമായിരുന്നു വോട്ടു ചെയ്ത് മടങ്ങിയത്.

കൂട്ടുകാരുമായെത്തി കന്നിവോട്ട് ചെയ്തത് സെല്‍ഫികളെടുത്തും അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചും ആവേശം കൊള്ളുകയാണ് കൊയിലാണ്ടിയിലെ കൗമാരക്കാര്‍. ഏറെക്കാലമായി കാണാത്ത പരിചയക്കാരുമായും സുഹൃത്തുക്കളുമായൊക്കെ കുശലാന്വേഷണം നടത്തിയും രാഷ്ട്രീയം സംസാരിച്ചുമെല്ലാം വോട്ടിങ് ക്യൂവിലെ കാത്തിരിപ്പിന്റെ വിരസത ഇല്ലാതാക്കുകയാണ് വോട്ടര്‍മാര്‍.

ചൂടും വെയിലും കണക്കിലെടുത്ത് മിക്ക പോളിങ് കേന്ദ്രങ്ങളിലും ടാര്‍പായ വലിച്ചുകെട്ടി തണലൊരുക്കിയിരുന്നു. കുടിവെള്ള സൗകര്യവും പ്രയാസം നേരിടുന്നവര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൊയിലാണ്ടിയില്‍ പൊതുവെ ഇതുവരെ സമാധാനപരമായാണ് തെരഞ്ഞെടുപ്പ് നടന്നത്. വെള്ളിയാഴ്ചയും കഠിനമായ ചൂടും കണക്കിലെടുത്ത് ഉച്ച സമയത്ത് തിരക്ക് അല്‍പം കുറഞ്ഞേക്കാനിടയുണ്ട്. വെയിലിന്റെ കാഠിന്യം കുറയുന്നതോടെ വീണ്ടും ബൂത്തുകളില്‍ തിരക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.