കുരുക്കൾ കാരണം ഇനി നിങ്ങൾ മുഖം കുനിക്കേണ്ട; മുഖക്കുരു മാറ്റാനുള്ള ചില പൊടിക്കൈകളും വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി അറിയാം
ആൺ-പെൺ വ്യത്യാസമില്ലാതെ കൗമാരക്കാരെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. എന്നാൽ കൗമാരം കടന്നാലും പലരിലും ഈ പ്രശ്നം അവസാനിക്കുന്നില്ല. പ്രായപൂർത്തിയായ സ്ത്രീകളിലും പുരുഷന്മാരിലും മുഖക്കുരു കണ്ടുവരാറുണ്ട്. എന്നാൽ പരിഹരിക്കാനാവാത്ത പ്രശ്നമൊന്നുമല്ലിത്. ചിലപ്പോഴൊക്കെ മുഖക്കുരു ഒരു സൗന്ദര്യലക്ഷണമായി പോലും പറയുന്നവരും ഉണ്ട്.
എന്തൊക്കെ പറഞ്ഞാലും പലരുടെയും ഉറക്കം നഷ്ടപ്പെടുത്തുന്ന കാര്യമാണ് ഈ മുഖക്കുരു. പലപ്പോഴും ഈ മുഖക്കുരു നാം വിരലുകൾ ഉപയോഗിച്ച് ഞെക്കി പൊട്ടിച്ച് കളയുകയാണ് പതിവ്. മുഖക്കുരു ഉണ്ടാകുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം അവ പൊട്ടിക്കുകയോ സ്പർശിക്കുകയോ ചെയ്യാൻ പാടില്ലെന്നുള്ളതാണ്. കാരണം മുഖക്കുരു പൊട്ടിക്കുന്നത് ചിലപ്പോഴെങ്കിലും അണുബാധ ഉണ്ടാകാൻ കാരണമാകാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ മുഖക്കുരു ഒരുപക്ഷെ അപ്രത്യക്ഷമായാലും അതിന്റെ പാട് മുഖത്തു അവശേഷിക്കും. മാത്രമല്ല ഇത് ഒരു വ്യക്തിയുടെ ആത്മവിശ്വാസം നശിപ്പിക്കുന്നു എന്നതും നഗ്നസത്യമാണ്.
ചില ബാക്റ്റീരിയകളുടെ പ്രവർത്തനവും സെബേഷ്യസ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന സെബം എന്ന ഹോർമോണിന്റെ അമിത ഉത്പാദനവും മറ്റ് പല ഹോർമോൺ വ്യതിയാനങ്ങളും മുഖക്കുരു ഉണ്ടാകാൻ കാരണമാകുന്നു. സെബേഷ്യസ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന സെബം കൂടുതലായി കാണപ്പെടുന്നത് മുഖം, കഴുത്ത്, പുറം, നെഞ്ച്, കൈയ്യുടെ മുകളില്‍ എന്നീ ഭാഗങ്ങളിലാണ്. കൗമാരക്കാരിൽ ആൻഡ്രോജെൻ ഹോർമോൺ സെബേഷ്യസ് ഗ്രന്ഥികളിൽ പ്രവർത്തിക്കുമ്പോഴാണ് സെബത്തിന്റെ ഉത്പാദനം കൂടുന്നത്.
സെബം അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നതോടെ സെബേഷ്യസ് ഗ്രന്ഥികളിലെ സുഷിരങ്ങൾ അടയുന്നു. ചിലയിനം ബാക്റ്റീരിയകളുടെ പ്രവർത്തനഫലമായി ഈ അടഞ്ഞ സുഷിരങ്ങളിൽ നീർവീക്കം (inflammation) ഉണ്ടാകുന്നു. ഇതാണ് മുഖക്കുരുവായി രൂപാന്തരപ്പെടുന്നത്. ഉത്പാദനം കൂടുന്നതിലൂടെ സിബേഷ്യസ് ഗ്രന്ഥികളിലെ സുഷിരങ്ങളില്‍ ബ്ലോക്ക് ഉണ്ടാവുകയും അതിനു മേലെ ശരീരത്തിലെ തന്നെ ബാക്ടീരിയകള്‍ പ്രവര്‍ത്തിച്ച് നീര്‍ക്കെട്ട് (inflamation) ഉണ്ടാവുകയും ചെയ്യുന്നു. അതാണ് ചെറിയ കുരുക്കളായി പ്രത്യക്ഷപ്പെടുന്നത്.
മുഖക്കുരു വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, മുഖക്കുരു കളയാനുള്ള ചില എളുപ്പ വഴികളും ഇതാ ചുവടെ:
മുഖക്കുരു വരാതിരിക്കാൻ
☞ ദിവസവും ഉറങ്ങുന്നതിനു മുമ്പ് മുഖം നന്നായി കഴുകുക. മുഖത്തെ മൃതകോശങ്ങളും അധിക എണ്ണമയവും നീക്കം ചെയ്യാനാണിത്.
☞ മുഖത്ത് തേക്കാൻ തിരഞ്ഞെടുക്കുന്ന സൗന്ദര്യ വർധക വസ്തുക്കൾ മികച്ച ബ്രാൻഡുകളുടെ ആണെന്ന് ഉറപ്പ് വരുത്തുക. ഇത്തരം പ്രൊഡക്ടുകൾ മുഖത്തെ രോമകൂപങ്ങളെ മൂടുന്നില്ലെന്ന് ഉറപ്പ് വരുത്തണം.
☞ പുറത്തു പോയി വന്ന ശേഷം മുഖം നന്നായി കഴുകി വൃത്തിയാക്കണം.
☞ രാത്രി ഉറങ്ങുന്നതിനു മുമ്പ് മുഖത്തെ മേക്കപ്പ് നിർബന്ധമായും കഴുകി വൃത്തിയാക്കുക.
☞ താരനുള്ളവരിൽ മുഖക്കുരു കൂടുതലായി കാണപ്പെടാറുണ്ട്. താരൻ മുഖത്ത് വീണ് രൂപകൂപങ്ങൾ അടഞ്ഞ് കുരുക്കൾ കൂടുതലായി ഉണ്ടാകാം. അതുകൊണ്ട് താരന്റെ ശല്യം കൂടുതലായി ഉള്ളവർ താരൻ മാറ്റാൻ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ്.
☞ മുഖക്കുരു ഉള്ളവർ ധാരാളം വെള്ളം കുടിക്കണം
☞ അമിതവണ്ണത്തിന് കാരണമാകുന്ന ഭക്ഷണങ്ങൾ മുഖക്കുരുവിലേയ്ക്ക് നയിക്കും.
☞ മധുര പലഹാരങ്ങൾ, ചോക്ലേറ്റ്, പാൽ, പാലുത്പന്നങ്ങൾ തുടങ്ങിയവ മുഖക്കുരു വർദ്ധിപ്പിക്കും. അതുകൊണ്ട് മുഖക്കുരു കൂടുതലുള്ളവർ ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
☞ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം മുഖക്കുരു പൊട്ടിക്കാതിരിക്കുക എന്നതാണ്. ചില കുരുക്കൾ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ചുങ്ങി പോകും.
മുഖക്കുരു കൂടുതലുള്ളവർക്കായി ചില ഫേസ് പാക്കുകൾ നോക്കിയാലോ? വീട്ടിൽ തന്നെ ചെയ്യാവുന്നതും വളരെ എളുപ്പത്തിൽ ഫലം കിട്ടുന്നതുമായ ഫേസ്‌പാക്കുകളാണ് ചുവടെ. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇവ ചെയ്യാം.
മുഖക്കുരു മാറ്റാനുള്ള എളുപ്പവഴികൾ
മധുര നാരങ്ങയുടെ തൊലി
മധുര നാരങ്ങയുടെ തൊലി മുഖക്കുരുവിനും ചര്‍മ സംരക്ഷണത്തിനും വളരെ ഗുണകരമാണ്. മുഖക്കുരു മാറാനായി മധുര നാരങ്ങയുടെ തൊലി വെള്ളം ചേർക്കാതെ അരച്ച് എടുത്തതിന് ശേഷം അതിലേക്ക് റോസ് വാട്ടർ ചേർത്ത് കുഴമ്പ് രൂപത്തിൽ ആക്കിയെടുക്കുക. ഇത് മുഖക്കുരു ഉള്ള ഭാഗങ്ങളിലോ, മുഖത്ത് മുഴുവനോ തേച്ച് പിടിപ്പിച്ചതിന് ശേഷം അരമണിക്കൂറിനുള്ളിൽ വെള്ളം ഒഴിച്ച് കഴുകി കളയുക.
ആര്യവേപ്പില
ആര്യവേപ്പിലയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങയിട്ടുണ്ട്. നിരവധി ആരോഗ്യ പ്രശ്‍നങ്ങൾക്കും, വിഷത്തിനും ഒക്കെ പരിഹാരമായി ആര്യവേപ്പില ഉപയോഗിക്കാറുണ്ട്. അത്പോലെ തന്നെ മുഖക്കുരു മാറാനും ആര്യവേപ്പില സഹായിക്കാറുണ്ട്. അതിനായി വെള്ളത്തിൽ ആര്യവേപ്പിലയിട്ട് തിളപ്പിക്കുക. ഈ വെള്ളം ആറി തണുത്തതിന് ശേഷം ഇത് ഉപയോഗിച്ച് തുടർച്ചയായി മുഖം കഴുകുക.
മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള മുഖത്ത് പുരട്ടുന്നത് മുഖത്തെ അമിതമായി കണ്ട് വരുന്ന എണ്ണ അകറ്റാൻ സഹായിക്കും. അത് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
തേനും ജാതിപത്രിയും
ജാതിപത്രി ഉണക്കി പൊടിച്ചെടുക്കുക. ഈ പൊടിയിലേക്ക് അല്‍പം തേൻ ചേർത്ത് ചാലിച്ചെടുത്ത് മുഖത്ത് തേക്കുക. അതിന് ശേഷം മണിക്കൂറുകൾ കഴിഞ്ഞ് പച്ചവെള്ളം ഉപയോഗിച്ച് കഴുകി കളയണം.
നാരങ്ങാ നീര്
രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് നാരങ്ങാനീര് പഞ്ഞിയിൽ മുക്കി മുഖക്കുരു ഉള്ള ഭാഗത്തു പുരട്ടുക. പീറ്റേന്ന് രാവിലെ എഴുന്നേറ്റ് ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകാം. നാരങ്ങാനീരിനൊപ്പം അൽപം കറുവാപ്പട്ടയുടെ പൊടി ചേർത്തും മുഖക്കുരുവിൽ പുരട്ടാം.നാരങ്ങാ നീരില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ മുഖക്കുരു പെട്ടെന്ന് ചുരുങ്ങും.
കുങ്കുമപ്പൂവ്
കുങ്കുമപ്പൂവ് അരച്ചെടുത്ത് തേങ്ങാപ്പാലില്‍ ചാലിച്ച് കുഴമ്പ് പാകത്തിലാക്കി എടുക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ മുഖം കഴുകണം. ഇങ്ങനെ 10 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മുഖക്കുരു മാറിക്കിട്ടും
രക്ത ചന്ദനം
രക്ത ചന്ദനവും തേനും ചേര്‍ത്ത കുഴമ്പും മുഖക്കുരു മാറ്റാന്‍ നല്ലതാണ് .രക്തചന്ദനം അരച്ച് അല്‍പം തേനില്‍ ചാലിച്ചെടുക്കുക. ഈ കുഴമ്പ് മുഖക്കുരു ഉള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുക. ഒരുമണിക്കൂര്‍ കഴിഞ്ഞ് കോലരക്കിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ മുഖം കഴുകുക. ഇങ്ങനെ രണ്ടാഴ്ച തുടര്‍ച്ചയായി ചെയ്താല്‍ മുഖക്കുരു മാറും.രക്തചന്ദനവും മഞ്ഞളും അരച്ചുപുരട്ടുക. 10 ദിവസമെങ്കിലും തുടര്‍ച്ചയായി ചെയ്യുക.വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് മുഖത്ത് പുരട്ടുക (പുരുഷന്മാര്‍ മഞ്ഞള്‍ ഒഴിവാക്കണം). 10 ദിവസം തുടര്‍ച്ചയായി ചെയ്യുക.
വെളുത്തുള്ളി
ഒരു വെളുത്തുള്ളി അല്ലി രണ്ടായി മുറിച്ച ശേഷം അതുപയോഗിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് ഉരസുക. 5 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. ദിവസത്തിൽ എത്ര തവണ വേണമെങ്കിലും ഇതാവർത്തിക്കാം.