‘ആര്‍ദ്രം പദ്ധതിയുടെ എല്ലാ സേവനങ്ങളും സാധാരണക്കാര്‍ക്ക് ലഭ്യമാകണം’; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തി രോഗികളെ നേരിട്ട് കണ്ട് സംസാരിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ്
കൊയിലാണ്ടി: ആര്‍ദ്രം ആരോഗ്യ പരിപാടിയുടെ ഭാഗമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു. വൈകുന്നേരം 4മണിയോടെ ആശുപത്രിയിലെത്തിയ മന്ത്രി വാര്‍ഡുകളിലെത്തി രോഗികളെ കാണുകയും വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. വാർഡുകളും മറ്റും സന്ദർശിച്ച മന്ത്രി ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.
താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളിലെല്ലാം നേരിട്ട് സന്ദര്‍ശിക്കുകയും അതോടൊപ്പം തന്നെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും സന്ദര്‍ശനത്തിന് മുമ്പ് ജനപ്രതിനിധികള്‍, ആശുപത്രി അധികൃതര്‍ എന്നിവര്‍ക്കൊപ്പം കൊയിലാണ്ടി ആശുപത്രിയിലെ സേവനങ്ങള്‍ അവലോകനം ചെയ്തിട്ടാണ് കൊയിലാണ്ടിയിലേക്ക് വന്നതെന്നും സന്ദര്‍ശനത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍ദ്രം പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് പൂര്‍ണതോതിലുള്ള സേവനങ്ങള്‍ ലഭ്യമാകുന്നുണ്ടോ, ജനങ്ങള്‍ക്ക് എങ്ങനെയാണ് സേവനങ്ങള്‍ ലഭ്യമാകുന്നത് തുടങ്ങിയ കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം കോഴിക്കോട് വെച്ച് പൊതു അവലോകനം നടത്തുമെന്നും തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ തലത്തിലും അതുപോലെ സ്‌റ്റേറ്റ് തലത്തിലും തുടര്‍ അവലോകനങ്ങളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും സമഗ്രമായി വിലയിരുത്തുമെന്നും പ്രത്യേകിച്ച് ഒരുപാട് സാധാരണക്കാര്‍ ആശ്രയിക്കുന്ന ആശുപത്രി എന്ന നിലയില്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ആര്‍ദ്രത്തിന്റെ എല്ലാവിധമായിട്ടുള്ള സേവനങ്ങളും ഇവിടെ ലഭ്യമാകണം. അതിനു വേണ്ടിയിട്ടുള്ള നേരിട്ടുള്ള ഇടപെടലാണ് ഈ സന്ദര്‍ശനമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയോടൊപ്പം ജില്ലാ മെഡിക്കൽ ഓഫീസർ രാജാറാം കിഴക്കയിൽ, ഡി.എച്ച്.എസ് ഡോ: റീന, ഡി.പി.എം സി.കെ ഷാജി എന്നിവരും ഉണ്ടായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിയ മന്ത്രിയെ എം.എൽ.എ. കാനത്തിൽ ജമീല, നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: വിനോദ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍, മുനിസിപ്പല്‍ സെക്രട്ടറി, കൗൺസിലർമാരായ രക്തവല്ലി ടീച്ചർ, വി.പി ഇബ്രാഹിംകുട്ടി, ആശുപത്രി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു