തടി കുറയ്ക്കാന്‍ നമ്മുടെ വീട്ടിലുള്ള ഇഷ്ടംപോലെ കായ്ക്കുന്ന ഈ പഴം തിന്നാല്‍ മതി; പപ്പായയുടെ ഗുണങ്ങള്‍ അറിയാം


മ്മുടെ പ്രദേശത്ത് പൊതുവെ ധാരാളമായി കാണപ്പെടുന്ന പഴമാണ് പപ്പായ. വളമിടുകയോ വെള്ളം നനച്ചുകൊടുക്കുകയോ ഒന്നും ചെയ്യാതെ തന്നെ പപ്പായ കായ്ക്കുകയും നിറയെ കായകള്‍ നല്‍കുകയും ചെയ്യും. കറിവെക്കാനും ഉപ്പേരിയുണ്ടാക്കാനുമെടുക്കാം, പഴുത്ത പപ്പായ കഴിക്കാം, ചര്‍മ്മസൗന്ദര്യത്തിന് ഉപയോഗിക്കാം അങ്ങനെ ഒട്ടേറെ ഉപയോഗങ്ങളുണ്ട് ഈ പഴത്തിന്.

നിരവധി ആരോഗ്യ ഗുണങ്ങളുമുള്ള പഴമാണിത്. വിറ്റാമിനുകളായ എ, സി, ബി, ഇ, പൊട്ടാസ്യം, ഫൈബര്‍, ഫോളേറ്റ്, മഗ്‌നീഷ്യം തുടങ്ങിയവ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയതയും കലോറി കുറഞ്ഞതുമായ പപ്പായ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.

പലര്‍ക്കുമുള്ള പ്രശ്‌നമാണ് ദഹനക്കേടും മലബന്ധവും. ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ആണ് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കുന്നത്.

രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് കഴിക്കാവുന്ന ഒന്നാണ് പപ്പായ. വിറ്റാമിന്‍ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമായ പപ്പായ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പപ്പായയുടെ ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും പപ്പായ കഴിക്കാം. ബീറ്റാ കരോട്ടിന്‍ ധാരാളം അടങ്ങിയ പപ്പായ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്കും കഴിക്കാവുന്ന ഒന്നാണ് പപ്പായ. ഫാറ്റി ആസിഡും ഒലിയിക് ആസിഡും ഫൈബറും മറ്റും അടങ്ങിയ പപ്പായ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും. അതിനാല്‍ പപ്പായ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

നിര്‍ജ്ജലീകരണത്തെ തടയാനും പപ്പായ കഴിക്കാം. വിറ്റാമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയ പപ്പായ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഇവ ചര്‍മ്മത്തിലെ ചുളിവുകളും മറ്റും അകറ്റാനും സഹായിക്കും.