വടകരയിലെ വീട്ടില്‍ നിന്നും മോഷണംപോയ എട്ടുപവന്‍ സ്വര്‍ണാഭരണം അലക്കുകല്ലിനു സമീപം ബക്കറ്റില്‍ ഉപേക്ഷിച്ചനിലയില്‍


വടകര: മേമുണ്ടയില്‍ വീട്ടില്‍ നിന്നും മോഷണംപോയ സ്വര്‍ണാഭരണങ്ങള്‍ രണ്ടു ദിവസത്തിനു ശേഷം വീടിനുപിറകിലെ ബക്കറ്റില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. മേമുണ്ട ലോകനാര്‍കാവ് ഹെല്‍ത്ത് സെന്ററിന് സമീപം കിടഞ്ഞോത്ത് അനില്‍കുമാറിന്റെ വീട്ടില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളാണ് ബക്കറ്റില്‍ നിന്നും ലഭിച്ചത്.

ശനിയാഴ്ച പകല്‍ വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ മോഷണംപോയത്. എട്ടുപവന്‍ സ്വര്‍ണാഭരണമാണ് നഷ്ടപ്പെട്ടിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടയില്‍ തിങ്കളാഴ്ച രാവിലെ വീടിനുപിറകിലെ അലക്കുകല്ലിനു സമീപത്തെ ബക്കറ്റില്‍ നിന്നും സ്വര്‍ണം കണ്ടെത്തുകയായിരുന്നു.

കുടുംബാംഗങ്ങള്‍ ജോലിക്കും മറ്റുമായി വീടിന്റെ പിറകുവശത്തെ വാതില്‍ചാരി പുറത്തുപോയപ്പോഴാണ് മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാല, ബ്രേസ്ലെറ്റ്, മോതിരം എന്നിവയാണ് മോഷ്ടിച്ചത്. വടകര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടുകാര്‍തന്നെ ബക്കറ്റിലെ വെള്ളത്തില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. എസ്.ഐ. കെ മുരളീധരനും സംഘവും സ്ഥലത്തെത്തി ആഭരണങ്ങള്‍ കസ്റ്റഡിയിലെടുത്തു.