സുഹൃത്തിന്റെ വോയ്‌സും വീഡിയോ ഇമേജും ഫെയ്ക്ക് ആയി നിർമിച്ച് കോഴിക്കോട് സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്തു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ


കോഴിക്കോട് : കോഴിക്കോട് സ്വദേശിയെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തട്ടിപ്പ് നടത്തിയ പ്രധാന പ്രതിയായ തമിഴ്നാട് സ്വദേശിയും ഇപ്പോൾ ഹൈദരാബാദിൽ സ്ഥിരതാമസക്കാരനുമായ പ്രശാന്ത് (38) ആണ് അറസ്റ്റിലായത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡീപ് ഫെയ്ക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽനിന്ന്‌ പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

കേന്ദ്ര ഗവ. സ്ഥാപനത്തിൽനിന്ന്‌ വിരമിച്ച കോഴിക്കോട് സ്വദേശിയിൽനിന്ന് കഴിഞ്ഞ ജൂലായിൽ കൂടെ ജോലിചെയ്തിരുന്ന സുഹൃത്തിന്റെ വോയ്‌സും വീഡിയോ ഇമേജും ഫെയ്ക്ക് ആയി നിർമിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഇയാളുടെ ഹോസ്പിറ്റൽ ചെലവിനാണെന്ന വ്യാജേന 40,000 രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. പരാതിക്കാരന് നഷ്ടമായ പണം നേരത്തേ വീണ്ടെടുത്തിട്ടുണ്ട്.

തട്ടിപ്പിനായി ഉപയോഗിക്കുന്ന വീഡിയോ എഡിറ്റിങ്, ആനിമേറ്റിങ് ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത മൊബൈൽഫോൺ പ്രതിയിൽനിന്ന്‌ കണ്ടെടുത്തു. കോഴിക്കോട് സി.ജെ.എം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തിട്ടുണ്ട്.

കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസി. കമ്മിഷണർ പ്രേം സദൻ, ഇൻസ്പെക്ടർ വിപിൻ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി. പ്രകാശ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബീരജ് കുന്നുമ്മൽ, രഞ്ജിത്ത് ഒതയമംഗലത്ത്, രാജേഷ് ജോർജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോഴിക്കോട് സിറ്റി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ സഹായത്തോടെ തെലങ്കാനയിൽനിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.