2024 മാര്‍ച്ചോടുകൂടി കൊയിലാണ്ടി നഗരസഭയെ സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കും; ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിച്ച് ഹരിതസഭ


കൊയിലാണ്ടി: 2024 ആകുമ്പോഴേക്കും കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള ‘മാലിന്യ മുക്തം നവകേരളം’ പദ്ധതിയുടെ അടിയന്തര പൂര്‍ത്തീകരണത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ ഹരിത സഭ വിളിച്ചു ചേര്‍ത്തു. സഭയില്‍ നിലവിലുള്ള അവസ്ഥ റിപ്പോര്‍ട്ടും ഈ കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ജനങ്ങളോട് വിശദീകരിച്ചു.

ഇ.എം.എസ് ടൗണ്‍ഹാളില്‍ ചേര്‍ന്ന ഹരിത സഭ എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേ പാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ.സത്യന്‍ സ്വാഗതം പറഞ്ഞു.

കൊയിലാണ്ടി നഗരസഭയില്‍ 2023 മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 1 വരെ നടത്തിയ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടായ പുരോഗതി, മാറ്റങ്ങള്‍, ഇതിനായി നടത്തിയ പ്രത്യേക പ്രവര്‍ത്തനങ്ങള്‍, നൂതന പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍, നേരിട്ട പ്രതിസന്ധികളും തടസ്സങ്ങളും, അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളുടെയും ജനകീയ പരിശോധന ഹരിത സഭയിലൂടെ നടന്നു.

2024 മാര്‍ച്ചോടുകൂടി നഗരസഭയെ സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കുന്നത് പ്രവര്‍ത്തന പരിപാടികള്‍ ഹരിത സഭ ആവിഷ്‌കരിച്ചു. മാലിന്യമുക്ത ക്യാമ്പയിന്‍ പ്രതിജ്ഞ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേ പാട്ട് ചൊല്ലിക്കൊടുത്തു. പ്രവര്‍ത്തന റിപ്പോര്‍ട്ട് നഗരസഭ സെക്രട്ടറി കെ.കെ.ബീന അവതരിപ്പിച്ചു.

വിദഗ്ധ സമിതി പാനല്‍ പ്രതിനിധി ജോര്‍ജ് മാസ്റ്റര്‍ അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍മേലും ചര്‍ച്ചയില്‍ മേലും ക്രോഡീകരിച്ച് സംസാരിച്ചു. പരിസ്ഥിതി ദിന സന്ദേശം നഗരസഭ ഹെല്‍ത്ത് ചെയര്‍പേഴ്‌സണ്‍ പ്രജില.സി യും ,ഹരിത കര്‍മ്മ സേന അനുഭവങ്ങളും പ്രതിസന്ധികളും ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം സെക്രട്ടറി സിന്ധു പങ്കുവച്ചു.

നഗരസഭയില്‍ മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 1 വരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അവതരണം സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.പി സുരേഷ് അവതരിപ്പിച്ചു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജമീഷ് മുഹമ്മദ് തയ്യാറാക്കിയ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനപത്രിക എം.എല്‍.എ കാനത്തില്‍ ജമീല ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേ പാട്ടിന് നല്‍കി പ്രകാശനം ചെയ്തു. നഗരസഭയിലെ മുഴുവന്‍ ഹരിത കര്‍മ്മ സേനാംഗങ്ങളെയും ഹരിത സഭയില്‍ വെച്ച് ആദരിച്ചു. ഹരിത സഭയില്‍ പങ്കെടുത്തവര്‍ക്കെല്ലാം വൃക്ഷത്തൈ വിതരണവും നടന്നു.

2024 മാര്‍ച്ച് 31 വരെ നഗരസഭ രണ്ടാംഘട്ടത്തില്‍ നടത്തുന്നതിനുള്ള പദ്ധതി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹരിത സഭ മുമ്പാകെ അവതരിപ്പിച്ചു.പരിപാടിയില്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഓഫീസ് മേധാവികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, യുവജന സംഘടനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, ആരോഗ്യ ശുചിത്വ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ഇ.ബാബു നന്ദി രേഖപ്പെടുത്തി സംസാരിച്ചു.