പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് നാട്; ആഘോഷ തിമർപ്പിൽ നാടും നഗരവും, വായനക്കാർക്ക് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ പുതുവത്സരാശംസകൾ 


പുതുപ്രതീക്ഷകളുമായി എത്തിയ 2023നെ ആഘോഷപ്രഭയിൽ വരവേറ്റ്‌ നാടും നഗരവും. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ആടിയും പാടിയും അർധരാത്രി പുതുവർഷത്തിന്റെ വരവ്‌ കൊണ്ടാടുന്ന കാഴ്‌ചയായിരുന്നു എങ്ങും. നഗരത്തിലെ പ്രധാന കേന്ദ്രമായ ബീച്ചിൽ വർഷങ്ങൾക്ക്‌ ശേഷം രാത്രി വെെകിയും ആഘോഷാരവം തിരകൾക്കൊപ്പം വാനിലുയർന്നു. ഗ്രാമങ്ങളിൽ വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളുടെയും കൂട്ടായ്‌മകളുടെയും നേതൃത്വത്തിൽ ആഘോഷങ്ങളുണ്ടായി.

പസഫിക് ദ്വീപ് രാജ്യമായ കിരിബാത്തിയാണ് 2023-നെ ആദ്യം സ്വാഗതം ചെയ്തത്. തൊട്ടുപിന്നാലെ ന്യൂസീലാന്‍ഡ്, ഓസ്ട്രേലിയ, ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളിലുമാണ് യഥാക്രമം പുതുവര്‍ഷമെത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ പൊതുസ്ഥലങ്ങളിലെ പുതുവത്സരാഘോഷം രാത്രി പത്ത് വരെയായി നിയന്ത്രിച്ചിരുന്നു. എന്നാല്‍ ഇത്തവണ രാത്രി 12 വരെ മിക്കയിടങ്ങളിലും വിപുലമായ ആഘോഷങ്ങള്‍ക്ക് വേദിയായി. ഫോര്‍ട്ട് കൊച്ചിയില്‍ പപ്പാഞ്ഞി കത്തിക്കല്‍ ജനങ്ങള്‍ ആഘോഷമാക്കി. കോവളത്ത് ഡിജെ പാര്‍ട്ടി ലഹരിയിലായിരുന്നു പുതുവര്‍ഷാഘോഷം. എല്ലായിടങ്ങളിലും പോലീസിന്റെ കര്‍ശന സുരക്ഷാ വലയത്തിലായിരുന്നു ആഘോഷങ്ങള്‍

മുൻ വർഷങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി ഇത്തവണ കോഴിക്കോട് ബീച്ചിൽ പുതുവർഷ തലേന്ന് രാത്രി ആളുകൾ പ്രവേശിക്കുന്നതിൽ വലിയ നിയന്ത്രണം പൊലീസ്‌ ഏർപ്പെടുത്തിയിരുന്നില്ല. അതേ സമയം ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി വാഹനങ്ങൾക്ക്‌ ശനി വൈകിട്ട്‌ മുതൽ പുലർച്ചെ വരെ ബീച്ച്‌, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണമുണ്ടായിരുന്നു. സാധാരണ പുതുവർഷത്തലേന്ന്‌ രാത്രി 10 മുതൽ ബീച്ചിൽ ആളുകൾ ഉണ്ടാവാറില്ല. ഇളവ്‌ നൽകിയതോടെ രാത്രി വൈകി 12നും ആളും ബഹളവുമൊഴിയാതെ ഉത്സവാന്തരീക്ഷമായിരുന്നു.


നഗരത്തിലെ പ്രധാന ഹോട്ടലുകളിലും പുതുവർഷാഘോഷം പൊടിപൊടിച്ചു. നൃത്ത, സംഗീത പരിപാടികളും ഡിജെ പാർടികളും അവിടങ്ങളിൽ ഒരുക്കിയിരുന്നു. സൗഹൃദക്കൂട്ടങ്ങളുടെ ഒഴുക്കായിരുന്നു ഹോട്ടലുകളിൽ. 800 രൂപ മുതലാണ്‌ പലസ്ഥലത്തും ഈടാക്കിയത്. ഷോപ്പിങ്‌ മാളുകളും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നാട്ടിൻപുറങ്ങളിൽ ക്ലബ്ബുകളുടെ നേതൃത്വത്തിലും വിവിധകലാപരിപാടികളോടെ പുതുവത്സരാഘോഷം ഗംഭീരമാക്കി.

എല്ലാ വായനക്കാർക്കും കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ പുതുവർഷാശംസകൾ ആശംസകൾ

Summary: Happy new year 2023