കൊയിലാണ്ടിയിലെ മൈതാനം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും തിരികെ വാങ്ങാന്‍ ജി.വി.എച്ച്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍; കലക്ടര്‍ക്കുമുമ്പാകെ രേഖകളുമായി ഹാജരായി സ്‌കൂള്‍ അധികൃതര്‍


കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്‌കൂല്‍ പി.ടി.എ പ്രസിഡന്റും ഹയര്‍സെക്കണ്ടറി അധികൃതരും ഡെപ്യൂട്ടി കലക്ടറുടെ മുമ്പാകെ ആവശ്യമായ രേഖകളുമായി ഹാജരായി. മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പി.ടി.എ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ ഒത്തുതീര്‍പ്പ് നീക്കത്തിന്റെ ഭാഗമായാണിത്.

പി.ടി.എ പ്രസിഡണ്ട് വി.സുചീന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി, ഷിജു മാസ്റ്റര്‍, വിജയന്‍ മാസ്റ്റര്‍, അഡ്വ കെ.വിജയന്‍, അഡ്വ.ടി.കെ.രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് ഡെപ്യൂട്ടി കലക്ടറുടെ മുമ്പാകെ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം തെളിവെടുപ്പിന് ഹാജരായത്. ഹൈസ്‌കൂള്‍ മൈതാനം സ്‌കൂളിന് വിട്ടുകിട്ടേണ്ടതിന്റെ ആവശ്യകതയും ഇത് സംബന്ധിച്ചുള്ള രേഖകളും സമര്‍പ്പിച്ചു.

നഗരസഭാ അധികതരും ഡെപ്യൂട്ടി കലക്ടറുടെ മുന്നില്‍ ഹാജരായി. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഇപ്പോള്‍ മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിന് സ്വന്തമായിരുന്ന മൈതാനം25 വര്‍ഷം മുമ്പ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് പാട്ട കരാര്‍വ്യവസ്ഥയില്‍ വിട്ടുകൊടുക്കുകയും അവര്‍ സ്റ്റേഡിയം പണിത് കടമുറികളാക്കി മാറ്റുകയുമായിരുന്നു. സ്‌കൂളിലെ കുട്ടികള്‍ക്ക് കളിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അനുമതി തേടേണ്ട അവസ്ഥയായിരുന്നു. പാട്ട കാലാവധി തീരുന്ന മുറയ്ക്കാണ് പി.ടി.എ മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.