പച്ചവേഷംകൊണ്ട് കൃഷ്ണന്റെ ഭാവപ്പകര്‍ച്ചകള്‍ ആടിത്തിമിര്‍ത്ത ആചാര്യന്‍, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ അരങ്ങോഴിഞ്ഞിട്ട് ഒരുവര്‍ഷം


ഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരുവര്‍ഷം തികയുകയാണ്. എട്ടുപതിറ്റാണ്ട് നീണ്ട കലാജീവിതം അവസാനിപ്പിച്ച് 2021 മാര്‍ച്ച് പതിനഞ്ചിനായിരുന്നു ഗുരു വിടവാങ്ങിയത്.

ഭാരതീയ ക്ലാസിക് നൃത്തരംഗത്തെ ഇതിഹാസമായിരുന്നു ഗുരുചേമഞ്ചേരി. നാലാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കെ വള്ളിത്തിരുമണം എന്ന നാടകത്തില്‍ തോഴിയായി വേഷമിട്ട് അരങ്ങിലെത്തിയ ഗുരു പിന്നീട് കഥകളിയിലും ഭരതനാട്യത്തിലും, കേരളനടനത്തിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. കിരാതത്തെ പാഞ്ചാലിയെ അവതരിപ്പിച്ചുകൊണ്ടായിരുന്നു കഥകളി രംഗത്തെ അദ്ദേഹത്തിന്റെ അരങ്ങേറ്റം. കുചേലനും ദുര്യോദനനും കീചകനുമെല്ലാം വേഷങ്ങള്‍ കെട്ടിയാടിയെങ്കിലും കൃഷ്ണവേഷത്തിലാണ് ശോഭിച്ചത്. ദുര്യോധന വധം, കുചേലവൃത്തം, സന്താന ഗോപാലം, രുക്മിണീ സ്വയംവരം തുടങ്ങിയ കഥകളില്‍ കൃഷ്ണനായെത്തി ഗുരു അരങ്ങില്‍ അത്ഭുതം സൃഷ്ടിച്ചു.

1916 ജൂണ്‍ 26ന് ചാത്തുക്കുട്ടി നായരുടെയും അമ്മുക്കുട്ടിയുടെയും മകനായാണ് കുഞ്ഞിരാമന്‍ നായര്‍ ജനിച്ചത്. മൂന്നാം വയസില്‍ അമ്മയെയും പതിമൂന്നാം വയസില്‍ അച്ഛനെയും നഷ്ടപ്പെട്ടു. ഏറെ കഷ്ടപ്പാടുകളിലൂടെ കടന്നുപോയപ്പോഴും കുഞ്ഞിരാമന്‍ കഥകളി പഠനം മാത്രം മുടക്കിയില്ല. മേപ്പയ്യൂരിലെ രാധാകൃഷ്ണ കഥകളിയോഗത്തിലായിരുന്നു ആദ്യകാല പഠനം. ഗുരു കരുണാകരമേനോന്റെ മരണംവരെയുള്ള, തീഷ്ണമായ ജീവിതാനുഭവങ്ങളായിരുന്നു ചേമഞ്ചേരിയുടെ കൗമാരവും യൗവ്വനവും.

1977ല്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ക്കൊപ്പം പൂക്കാട് കലാലയവും 1983 ല്‍ ചേലിയ കഥകളി വിദ്യാലയവും ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ സ്ഥാപിച്ചു. 1979 ല്‍ നൃത്തത്തിനുള്ള അവാര്‍ഡും 1990 ല്‍ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നല്‍കി കേരള സംഗീത നാടക അക്കാദമി ഇദ്ദേഹത്തെ ആദരിച്ചു. 2001 ല്‍ കേരള കലാമണ്ഡലം വിശിഷ്ടസേവനത്തിനുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു. 2002 ല്‍ കൊച്ചി കേരളദര്‍പ്പണം നാട്യകുലപതിയായി പ്രഖ്യാപിച്ചു. പത്തുകൊല്ലം കേരള ഗവണ്‍മെന്റ് നടനഭൂഷണം എക്സാമിനറായും ഒരു വര്‍ഷം കേരളകലാമണ്ഡലം എക്സാമിനറായും മൂന്നു വര്‍ഷം തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം നൃത്തവിഭാഗം ഓഡീഷന്‍ കമ്മിറ്റി അംഗമായും ഒരു വര്‍ഷം സംഗീതനാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്ടിച്ചു.

നൂറാം വയസിനുശേഷവും പലവേദികളിലും ഗുരു നിറഞ്ഞാടി. കഥകളിലെ വടക്കന്‍ രീതിയായ കല്ലരിക്കോടന്‍ ചിട്ടയുടെ പ്രധാന പ്രചാരകനായി അദ്ദേഹം അറിയപ്പെടുന്നു.

അദ്ദേഹം അരങ്ങൊഴിഞ്ഞ് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ തലമുറകളിലേക്ക് നാട്യശാസ്ത്രത്തെ എത്തിക്കാന്‍ സ്വജീവിതം സമര്‍പ്പിച്ച ഗുരുനാഥന് സ്മാരകമൊരുക്കാനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. ഗുരുവിന്റെ പേരില്‍ ആരംഭിക്കുന്ന ചേമഞ്ചേരി മെമ്മോറിയല്‍ സൗത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ നിര്‍മ്മാണത്തിനായുള്ള പത്തുകോടിയുടെ പദ്ധതിക്കായി ടോക്കന്‍ തുക സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ചരമവാര്‍ഷികമായ മാര്‍ച്ച് പതിനഞ്ച് മുതല്‍ ഏപ്രില്‍ രണ്ടുവരെ വ്യത്യസ്തങ്ങളായ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചാണ് കൊയിലാണ്ടി ഗുരുചേമഞ്ചേരിയോടുള്ള ആദരവ് അറിയിക്കുന്നത്. ഇന്ന് കൊയിലാണ്ടി ഉപജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനങ്ങളും നടക്കും. വൈകുന്നേരം അദ്ദേഹം സ്ഥാപിച്ച ചേലിയ കഥകളില വിദ്യാലയത്തില്‍ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, കെ.കെ.മാരാര്‍, കോട്ടക്കല്‍ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന അനുസ്മരണ സദസ്സും ശിഷ്യ സംഗവുമെല്ലാം നടക്കും. ഇന്ത്യയിലും വിദേശത്തുമുള്ള ആയിരക്കണക്കിന് ശിഷ്യഗണങ്ങളിലൂടെ ഗുരു ഓര്‍മ്മിക്കപ്പെടും.