കോല്‍ക്കളി പരിശീലനത്തിനിടെ കയ്യൊടിഞ്ഞ് പ്ലാസ്റ്ററിട്ടതൊന്നും കളിയെ ബാധിച്ചില്ല; അപ്പീലുമായെത്തി കോഴിക്കോട് ഗവ.മോഡല്‍ ഹൈസ്‌കൂള്‍ ടീം മടങ്ങിയത് എ ഗ്രേഡോടെ


പേരാമ്പ്ര: കോല്‍ക്കളിയ്ക്ക് കോലുപിടിക്കാന്‍ ഇരുകൈകളും വേണം. മത്സരത്തിന് നാലഞ്ച് ദിവസം മുമ്പ് ടീമില്‍ ആരുടെയെങ്കിലും കയ്യൊടിഞ്ഞാലോ? ടീമിനെ സംബന്ധിച്ച് ആത്മവിശ്വാസം തന്നെ നഷ്ടപ്പെടുത്തുന്ന ഒന്നായിരിക്കും അത്. എന്നാല്‍ അത്തരം പ്രതിബന്ധങ്ങളൊന്നും കോഴിക്കോട് ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പ്രകടനത്തെ ബാധിച്ചില്ല.

അപ്പീലുമായെത്തിയാണ് മോഡല്‍ സ്‌കൂള്‍ ടീം മത്സരത്തിനെത്തിയത്. മത്സരത്തിന് നാലുദിവസം മുമ്പാണ് അപ്പീല്‍ അനുവദിച്ചുകിട്ടിയതായി അറിയുന്നത്. അതിനിടെ കോല്‍ക്കളി പരിശീലിക്കുമ്പോള്‍ ടീമംഗമായ കൈലാസിന്റെ കൈയ്ക്ക് അടികൊണ്ട് എല്ല് പൊട്ടിയതിനെ തുടര്‍ന്ന് പ്ലാസ്റ്റര്‍ ഇട്ടിരുന്നു. മത്സരിക്കാന്‍ അവസരം കിട്ടിയതോടെ അത് നഷ്ടപ്പെടുത്താതെ മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

പേരാമ്പ്ര വി.വി.ദക്ഷിണാമൂര്‍ത്തി സ്മാരക ഹാളില്‍ നിറഞ്ഞ സദസ്സിന് മുമ്പില്‍ കളി തുടങ്ങിയപ്പോള്‍ ടീമിലെ ഒരാള്‍ ഒരു കൈകൊണ്ട് മാത്രമാണ് കളിക്കുന്നതെന്ന കാര്യമൊന്നും ആരും ഗൗനിക്കാത്ത തരത്തില്‍ മികച്ച പ്രകടനമായിരുന്നു ഇവര്‍ കാഴ്ചവെച്ചത്. മത്സരാര്‍ത്ഥികളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ എ ഗ്രേഡ് നേടിയാണ് മോഡല്‍ സ്‌കൂള്‍ ടീം മടങ്ങിയത്.

ടീമംഗങ്ങള്‍: നിബിന്‍, അബ്ദീലി, ജിഷാന്‍, അനുരാജ്, അനുപം റാം, മുസ്തഫ, കൈലാസ്, കിരണ്‍ നാഥ്, അമീന്‍ അലി, തലാല്‍, സിഫാല്‍, അസ്ഫാക്.