തിക്കോടി താഴെ കടപ്പുറത്ത് സ്വർണ്ണ ചാകര വന്നേ ചാകര; മൽസ്യ തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണക്കോര


തിക്കോടി: ‘അടിച്ചു മോനെ അടിച്ചു,’ തിക്കോടി കോടിക്കൽ കുന്നുമ്മൽ താഴെ കടപ്പുറത്ത് ഒറ്റമീനാൽ തന്നെ വന്നടിഞ്ഞത് ലക്ഷങ്ങളുടെ ഭാഗ്യം. കഴിഞ്ഞ ദിവസം മൽസ്യ ബന്ധനത്തിനു പോയ തൊഴിലാളികൾക്കാണ് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണക്കോര കിട്ടിയത്. അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന മീനാണ് ഇവരുടെ വലയിൽ കുടുങ്ങിയത്.

രണ്ടു വള്ളം ഉടമകൾക്കായി വിവിധ വലുപ്പത്തിലുള്ള രണ്ട് മീനുകളാണ് ലഭിച്ചത്. ഫഹദ് മോൻ ഫൈബർ വള്ളം ഉടമ ജാഫർ മരക്കാർ വളപ്പിലിനാണ് പതിനാല് കിലോ ഭാരമുള്ള സ്വർണകോരയും ബഹർ ശമാൽ ഫൈബർ വള്ളം ഉടമ അങ്ങേപിടികയിൽ ഇസ്മായേലിനു ഒൻപത് കിലോ ഭാരമുള്ള സ്വർണ്ണക്കോരയേയും ലഭ്യമായി. ഒറ്റയടിക്ക് പത്തരമാറ്റ് തങ്കം കൊണ്ട് വന്ന ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് ഇരുവരും. അൻപതിനായിരം രൂപയോളം രണ്ടുപേർക്കും ലഭിച്ചിട്ടുണ്ട്.

കേരളത്തിന് പുറത്ത് കിലോഗ്രാമിന് ഒരു ലക്ഷത്തിനടുത്ത് വിലയുള്ള മത്സ്യമാണിത്. മഹാരാഷ്ടയിൽ മൽസ്യ തൊഴിലാളികൾ ഒരു കോടിയോളം രൂപക്കാണ് കഴിഞ്ഞ വര്ഷം വിൽപന നടത്തിയത്. കൊല്ലം ജില്ലയിലും ഒരു തവണ ഈ മീനിനെ കിട്ടിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾക്ക് മാത്രമല്ല, ആരോഗ്യ മേഖലയിലും വളരെ വിലയുള്ള മത്സ്യമാണ് ഇത്. ഹൃദയ ശാസ്ത്രക്രിയ തുടങ്ങി മേജർ ശസ്ത്രക്രിയക്കും ഈ കോരയുടെ ശരിരത്തിലെ പളുങ്ക് ഉപയോഗിക്കാറുണ്ട്. മെഡിസിൻ കോര യെന്നും പടുത്ത കോരയെന്നും ഇതിനു പേരുകളുണ്ട്.