ദുബൈയില്‍ ജോലി ചെയ്യുന്ന കോഴിക്കോട്ടുകാര്‍ വിവരം നല്‍കി, ഏഴംഗ സംഘം പദ്ധതിയൊരുക്കി കാത്തിരുന്നു; കരിപ്പൂരില്‍ കുടുംബസമേതം സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരും അവരെ തട്ടിക്കൊണ്ടുപോകാനെത്തിയവരും പൊലീസ് വലയിലായി


കോഴിക്കോട്: കുടുംബസമേതം സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശികളും ഇവരെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്യാനെത്തിയ ഏഴംഗ സംഘവും പൊലീസ് പിടിയില്‍. മലപ്പുറം കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് യു.എ.ഇയില്‍ നിന്ന് 67ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കരിപ്പൂരിലെത്തിയത്. ഇവരെ തട്ടിക്കൊണ്ടുപോകാനെത്തിയ കാഞ്ഞങ്ങാട് സ്വദേശി റഷീദ് അടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയത്.

ദുബൈയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശികളായ സമീര്‍, ഷാക്കിര്‍, കാഞ്ഞങ്ങാട് സ്വദേശി സാദിഖ് എന്നിവരാണ് മുസ്തഫയെക്കുറിച്ച് റഷീദിനെ വിവരം അറിയിച്ചത്. റഷീദിനൊപ്പം വയനാട്ടില്‍ നിന്നുള്ള അഞ്ചംഗ സംഘവും എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. വിമാനത്താവളത്തില്‍ ആഗമന ഗേറ്റില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട റഷീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് കവര്‍ച്ചാ പദ്ധതിയെക്കുറിച്ച് വെളിവായത്.

സ്വര്‍ണവുമായി പുറത്തിറങ്ങിയ മുസ്തഫയും കുടുംബവും റഷീദും പൊലീസ് പിടിയിലായതോടെ കവര്‍ച്ചാ സംഘം സ്ഥലം വിട്ടു. ഇവരെ വയനാട് വൈത്തിരിയില്‍വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.

കാസര്‍കോട് സ്വദേശിയെ കാഞ്ഞങ്ങാട് നിന്നും അറസ്റ്റു ചെയ്തു. സ്വര്‍ണവുമായി വീട്ടിലേക്ക് പോകുംവരെ മുസ്തഫയെ വിജയമായ സ്ഥലത്തുവെച്ച് വാഹനം തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോകാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്.