എന്റമ്മോ! ഈ പോക്ക് എങ്ങോട്ട്; സ്വർണവില സർവ്വകാല റെക്കോഡിൽ, ഇന്ന് വീണ്ടും വില കൂടി
തിരുവന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും പുതിയ റെക്കോഡിൽ. ഇന്ന് ഗ്രാമിന് 40 രൂപ വർദ്ധിച്ച് 7100 രൂപയായി. 320 രൂപ വർദ്ധിച്ച് ഒരു പവന് വില 56800 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും സർവകാല റെക്കോർഡുമാണിത്. ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികളും ഇതോടെ ആശങ്കയിലായി.
പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വൻകിട നിക്ഷേപകർ കൂടുതൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നതുമാണ് വിലവർധനയ്ക്ക് കാരണം. ഒരാഴ്ചയ്ക്കിടെ ഏകദേശം 2200 രൂപയാണ് സ്വർണ വില വർധിച്ചത്. മെയ് മാസത്തിൽ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോർഡ് തിരുത്തിയാണ് സ്വർണവില പുതിയ ഉയരം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില.
18 കാരറ്റ് സ്വർണവിലയും ഇന്ന് വർധിച്ചു. ഗ്രാമിന് 30 രൂപ കൂടി 5870 എന്ന നിരക്കിലെത്തി. അനിശ്ചിതത്വം നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങളിലെ ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ നിക്ഷേപം എന്ന നിലയിലാണ് സ്വർണം പരിഗണിക്കപ്പെടുന്നത്. അതേസമയം വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. വില 99 രൂപയിൽ തുടരുന്നു.