സ്വല്പം ആശ്വാസം; സ്വര്‍ണ്ണവില വീണ്ടും ഇടിഞ്ഞു, ഒരു പവന്റെ വില അറിയാം


കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 55 രൂപയാണ് ഇന്ന് കുറഞ്ഞത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7220 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,760 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ കുതിപ്പ് ഉണ്ടായിരുന്നെങ്കിലും യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണ വിലയില്‍ ഇടിവ് വരാനുള്ള പ്രധാന കാരണം.

ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. എന്നാല്‍ ഇന്ന് വീണ്ടും വില കുറയുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.