പയ്യോളിയിലെ ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ് കേസ്; മുഖ്യപ്രതികളെയും കൂട്ടി മുസ്ലിം ലീഗിന്റെ പ്രകടനം, പ്രതിഷേധവുമായി ആക്ഷന്‍ കമ്മറ്റി
പയ്യോളി: കോടികള്‍ വിലമതിക്കുന്ന പൊന്നും പണവും നിക്ഷേപമായി സീകരിച്ച് അടച്ചു പൂട്ടിയ കുറ്റ്യാടി ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളെയും കൂട്ടി മുസ്ലീം ലീഗിന്റെ പ്രകടനം. രണ്ട്, മൂന്ന് പ്രതികളായ കെ.പി ഹമീദ്, മുഹമ്മദ് തയ്യുള്ളതില്‍ എന്നിവരാണ് കോഴിക്കോട് നടന്ന മുസ്ലീം ലീഗ് പ്രകടനത്തില്‍ പങ്കെടുത്തത്. തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും സാധാരണക്കാരായ ലീഗുകാരാണ്. പ്രതികള്‍ക്ക് ലീഗ് നേതാക്കളാണ് സംരക്ഷണം നല്കുന്നതെന്ന് ലീഗ് അണികള്‍ക്കിടയില്‍ നേരത്തെ ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ ലീഗ് ഇത്തരം ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞിരുന്നു. ഇവരുടെ ആരോപണങ്ങള്‍ ശരിവക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ലീഗിന്റെ പ്രവര്‍ത്തനം.
കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി നൂറുകണക്കിന് കുടുംബങ്ങളെ അനാഥരാക്കിയവരെ തല്‍ക്കാലത്തേക്കെങ്കിലും പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ലീഗുകാര്‍ക്ക് കഴിയുന്നില്ല എന്നാണ് ആരോപണം. പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥം വഹിക്കാമെന്ന് പറഞ്ഞ് മുസ്ലിം ലീഗിന്റെ ജില്ലാ കമ്മിറ്റി നടത്തിയ നാടകത്തില്‍ പാവപ്പെട്ട ഇരകള്‍ക്ക് നീതി നിഷേധം മാത്രമല്ല അവര്‍ നടത്തിവന്നിരുന്ന സമരത്തെ അട്ടിമറിക്കുക കൂടിയാണ് മുസ്ലിം ലീഗ് ചെയ്തതെന്ന് കുറ്റ്യാടി ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു പറഞ്ഞു.
കേസിലെ നാലാം പ്രതിയായ സബീല്‍ തൊടുപൊയിലിനെ മുസ്ലീം ലീഗില്‍ നിന്നും പ്രശ്‌നം നടന്ന സമയത്ത് പുറത്താക്കിയിരുന്നു. എന്നാല്‍ ഇപ്പോല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും കൗണ്‍സിലറായി തിരഞ്ഞെടുത്തു.
നാദാപുരം, കുറ്റ്യാടി, പയ്യോളി ജ്വല്ലറികളില്‍ നിന്നായി ഏകദേശം 25 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണു പരാതി. അഞ്ഞൂറോളം കുടുംബങ്ങള്‍ തട്ടിപ്പിനിരയായിട്ടുണ്ട്. തട്ടിപ്പിനിരയായവരില്‍ ഭൂരിപക്ഷവും സാധാരണക്കാരാണ്. കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 250ലധികം പരാതികളാണ്. ജ്വല്ലറിയുടെ പയ്യോളി കല്ലാച്ചി ശാഖകളില്‍ തട്ടിപ്പിനിരയായവരുടെ പരാതികള്‍ വേറെയുമുണ്ട്. നിക്ഷേപകരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിരുന്നു.