പയ്യോളിയില്‍ മദ്രസാ അധ്യാപകനെ വഞ്ചിച്ച് കൈക്കലാക്കിയ സ്വര്‍ണവും പണവും പ്രതിയില്‍ നിന്നും കണ്ടെടുത്തു; പിടിയിലായ കാസര്‍കോട് സ്വദേശി റിമാന്‍ഡില്‍
പയ്യോളി: പയ്യോളിയില്‍ മദ്രസാ അധ്യാപകന്‍ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും അപഹരിച്ച് കടന്ന കേസില്‍ പിടിയിലായ പ്രതിയെ പയ്യോളി കോടതി റിമാന്റ് ചെയ്തു. കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പയ്യോളി മുന്‍സിഫ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്.
ഞായറാഴ്ച കോഴിക്കോട് വെച്ചാണ് ഇയാളെ പിടികൂടിയത്. മദ്രസ അധ്യാപകന്റെ വീട്ടില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണവും പണവും ഇയാളില്‍ നിന്നും കണ്ടെടുക്കുകയും അത് തങ്ങള്‍ തിരിച്ചറിയുകയും ചെയ്തതായി അധ്യാപകന്‍ പറഞ്ഞു.
അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴര പവന്‍ സ്വര്‍ണവും മൊത്തം ഒന്നേകാല്‍ലക്ഷം രൂപയും തട്ടിയെടുത്തതായാണ് പരാതി. കൂടാതെ ചികിത്സയുടെ പേരില്‍ പലതവണയായി എഴുപത്തഞ്ചായിരം രൂപയും തട്ടിയെടുത്തിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.
പയ്യോളി എസ്.ഐ.പ്രസാദിന് ആണ് കേസന്വേഷണ ചുമതല. സപ്തംബര്‍ 22 ന് അധ്യാപകന്റെ റൂമില്‍ നിസ്‌ക്കരിക്കാനായി കയറിയ ഷാഫി ബെഡ്‌റൂമിലെ അലമാരയില്‍ സൂക്ഷിച്ച ഏഴര പവന്‍ സ്വര്‍ണ്ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നുവെന്നാണ് പരാതി.
നാലു മാസങ്ങള്‍ക്ക് ട്രെയിന്‍ യാത്രയ്ക്കിടെയാണ് മുഹമ്മദ് ഷാഫിയെ പരിചയപ്പെടുന്നത്. സാമ്പത്തിക പിന്നാക്കാവസ്ഥയില്‍ കഴിയുന്ന അധ്യാപകനെ വീടുവെയ്ക്കാന്‍ സാമ്പത്തിക സഹായം നല്‍കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ അടുപ്പം സ്ഥാപിച്ചത്.
തുടര്‍ന്ന് പലതവണ പയ്യോളി ആവിക്കലില്‍ അധ്യാപകന്‍ താമസിക്കുന്ന വാടക വീട്ടില്‍ ഇയാള്‍ എത്തിയിരുന്നു. കൂടാതെ ഇതിനടുത്തായി അധ്യാപകന്റെ സഹായത്താല്‍ വാടക മുറി കണ്ടെത്തുകയും ചെയ്തിരുന്നു. മന്ത്രവാദവും പച്ചമരുന്ന് ചികിത്സയും നടത്താറുണ്ടെന്നും കുടുംബത്തെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.
ഒക്ടോബര്‍ രണ്ടിന് മുഹമ്മദ് ഷാഫി മദ്രസ അധ്യാപകന്റെ ഭാര്യയെ വിളിച്ച് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവും അവിടെയുണ്ടോ എന്ന് പരിശോധിക്കണമെന്നും ചാത്തന്‍ സേവയിലൂടെ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് സംശയം തോന്നിയ ഇവര്‍ പിന്നീട് അലമാര തുറന്ന് പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്.
ഇസ്മയിലിന്റെ ഏഴ് വയസ്സുകാരനായ മകനെയും ഭാര്യയെയും മര്‍ദ്ദിച്ചതായും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.