പുറക്കല്‍ പാറക്കാട് ജി.എല്‍.പി സ്‌കൂള്‍ ഇനി പുതിയ ഭാവത്തില്‍; പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങി നവീകരിച്ച ജി.എല്‍.പി സ്‌കൂള്‍ വിവിധ കലാപരിപാടികളോടെ ജനുവരി 26ന് സ്‌കൂള്‍ കൈമാറ്റ ചടങ്ങ്
കൊയിലാണ്ടി: പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങിറങ്ങിയപ്പോള്‍ പുതു ജീവന്‍ലഭിച്ച് പുറക്കല്‍ പാറക്കാട് ജി.എല്‍.പി സ്‌കൂള്‍. നവീകരിച്ച സ്‌കൂള്‍ കൈമാറ്റ ചടങ്ങ് ജനുവരി 26 ന് മന്ത്രി എം.കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും.
പത്ത് ലക്ഷത്തോളം രൂപ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സമാഹരിച്ചാണ് സ്‌കൂള്‍ നവീകരിച്ചത്. സ്‌കൂളിലെ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഒന്നിച്ച് വാട്‌സ്ആപ് കൂട്ടായ്മ ഉണ്ടാക്കുകയും ഇതിലൂടെ ഓരോ വിദ്യാര്‍ത്ഥികളും സംഭാവനകള്‍ നല്‍കിയാണ് സ്‌കൂള്‍ നവീകരിച്ചത്. സ്‌കൂള്‍ മുഴുവനായും പെയിന്റ് അടിക്കുകയും 1,2 ക്ലാസ്‌റൂം നവീകരിക്കുകയും സ്‌കൂള്‍ ഹാളില്‍ ലൈറ്റ്, ഫാന്‍ എന്നിവ ഘടിപ്പിച്ചു. കൂടാതെ സ്‌കൂളിന്റെ പേരുളള ത്രീഡി ബോര്‍ഡ്, മുഴുവന്‍ ക്ലാസുകളിലും ഫാന്‍, ലൈറ്റ്, സൗണ്ട് സിസ്റ്റം, 500 ഓളം ചെടികള്‍, ഐ.ടി ക്ലാസ് റൂം, ഗാന്ധിജിയുെട ഛായാചിത്രം, ടൈല്‍, തുടങ്ങിയ നവീകരണ പ്രവൃത്തികളാണ് സ്‌കൂളില്‍ ചെയ്തത്. രണ്ടരമാസത്തോളമാണ് നവീകരണത്തിനായി വേണ്ടി വന്നത്.
അന്നേദിവസം വിവിധ കലാപരിപാടികളും സ്‌കൂളില്‍ അരങ്ങേറും. സ്‌കൂള്‍ കൈമാറ്റ ചടങ്ങ് കൂടാതെ പ്രധാന അധ്യാപനായ ചന്ദ്രന്‍ എം.കെ യെ മന്ത്രി എ.കെ ശശീന്ദ്രന്‍ ആദരിക്കും. മുഖ്യ പ്രഭാഷണവും ഗാന്ധിജിയുടെ ഛായാചിത്രം അനാഛാദനവും എം.പി കെ.മുരളീധരന്‍ നിര്‍വ്വഹിക്കും.
നവീകരിച്ച സ്‌കൂള്‍ ഹാളിന്റെ ഉദ്ഘാടനം എം.എല്‍.എ കാനത്തില്‍ജമീല നിര്‍വ്വഹിക്കും. നവീകരിച്ച ഐ.ടി ലാബ് ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാര്‍ നിര്‍വ്വഹിക്കും. നവീകരിച്ച ക്ലാസ് റൂം ഉദ്ഘാടനം പന്തലാനി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയന്‍ നിര്‍വ്വഹിക്കും. പരിപാടിയില്‍ മുഖ്യാതിഥിയായി കവിയും പ്രഭാഷകനുമായ രമേശ് കാലില്‍ പങ്കെടുക്കും.
നവീകരിച്ച സ്‌കൂളിന്റെ രേഖ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചെയര്‍മാന്‍ ആയ പപ്പന്‍ മൂടാടിയില്‍ നിന്നും ഡി.ഡി ഇ മനേജ് കുമാര്‍ സി ഏറ്റുവാങ്ങും. രാവിലെ പത്ത് മണി മുതല്‍ സ്‌കൂള്‍ കുട്ടികളുടെ കലാവിരുന്നും വൈകീട്ട് മൂന്ന് മണിക്ക് പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ ചടങ്ങും നടക്കും. 7.30 ഓടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കലാപരിപാടിയും 9 മണിയോടെ ദേശീയ തലത്തില്‍ നാടന്‍പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മെലോമാനിയാക് ടീമന്റെ മ്യൂസിക് ഷോയും നടക്കും.