മൂടാടി പഞ്ചായത്തില്‍ നിന്ന് ‘വിമാനം പറന്നുയര്‍ന്നു’; ജി.ഐ.എസ് മാപ്പിങ്ങിന് തുടക്കം
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജി.ഐ.എസ് മാപ്പിങ്ങ് പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിന്റെ മുഴുവന്‍ വിവരങ്ങളും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സര്‍വ്വേ നടത്തുന്ന പദ്ധതിയാണ് ഇത്.
പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഡ്രോണ്‍ (ആളില്ലാ വിമാനം) പറത്തിക്കൊണ്ട് നിര്‍വ്വഹിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്.
കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും പ്രകൃതി-മനുഷ്യ വിഭവങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഇന്റലിജന്റ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സിസ്റ്റം (ഐ.പി.എം.എസ്) എന്ന സംവിധാനത്തിലൂടെയാണ് സര്‍വ്വേ നടത്തുന്നത്. ഡ്രോണുകള്‍, ഡി.ജി.പി.എസ്, പ്രത്യേകമായി വികസിപ്പിച്ച ആപ്ലിക്കേഷന്‍ എന്നിവയുടെ സഹായത്തോടെയാണ് തദ്ദേശ സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്തിന്റെ പരിധിയിലുള്ള കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, ഡ്രൈനേജ് എന്നിവയുടെയെല്ലാം ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും അംഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക തലങ്ങളിലെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് അപഗ്രഥനം നടത്തി ആവശ്യാനുസരണം തിരയാന്‍ കഴിയുന്ന വിധം വെബ് പോര്‍ട്ടല്‍ തയ്യാറാക്കുന്ന സംവിധാനമാണ് ഐ.പി.എം.എസ്.