കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിക്ക് വെസ്റ്റ് നൈല്‍ പനി; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്


കോഴിക്കോട്: ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ച പതിമൂന്നുകാരിക്ക് വെസ്റ്റ് നൈല്‍ സ്ഥീരികരിച്ച് ആരോഗ്യവകുപ്പ്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. കുട്ടിയുടെ മരണം വെസ്റ്റ് നൈല്‍ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യവകുപ്പ് സ്ഥീരികരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണെങ്കിലും ജപ്പാന്‍ ജ്വരത്തിന് വാക്സിന്‍ ലഭ്യമാണ്.

തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണ നിരക്ക് കുറവാണ്.