കൊയിലാണ്ടിയില്‍ സ്വകാര്യ ബസ്സില്‍ വച്ച് പെണ്‍കുട്ടി കുഴഞ്ഞുവീണു; ഗതാഗതക്കുരുക്കിനിടയിലൂടെ അതിവേഗം ആശുപത്രിയിലെത്തിച്ച് ഹൈവേ പൊലീസ്


കൊയിലാണ്ടി: സ്വകാര്യ ബസ്സില്‍ കുഴഞ്ഞു വീണ പെണ്‍കുട്ടിയെ അതിവേഗം ആശുപത്രിയിലെത്തിച്ച് കൊയിലാണ്ടി ഹൈവേ പൊലീസ്. ശനിയാഴ്ച വൈകീട്ട്  മീത്തലക്കണ്ടി പള്ളിക്ക് സമീപമായിരുന്നു സംഭവം.

കോഴിക്കോട് നിന്ന് കൊയിലാണ്ടിക്ക് വരികയായിരുന്ന സ്വകാര്യ ബസ്സില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിയാണ് കുഴഞ്ഞുവീണത്. രൂക്ഷമായ ഗതാഗതക്കുരുക്കുള്ളതിനാല്‍ ബസ് ജീവനക്കാരും യാത്രക്കാരും എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയായിരുന്നു.

ഈ സമയത്താണ് കൊയിലാണ്ടിയില്‍ നിന്ന് ചെങ്ങോട്ടുകാവിലേക്ക് പോകുകയായിരുന്ന ഹൈവേ പൊലീസിന്റെ ട്രാഫിക് പട്രോളിങ് വാഹനം ഇവിടെ എത്തിയത്. ഉടന്‍ ബസ് ജീവനക്കാര്‍ ഹൈവേ പൊലീസിനോട് വിവരം പറഞ്ഞു.

തുടര്‍ന്ന് ഹൈവേ പൊലീസ് വാഹനം കൊയിലാണ്ടി ഭാഗത്തേക്ക് തിരിച്ച് പെണ്‍കുട്ടിയെയും രക്ഷിതാവിനെയും മറ്റൊരു യാത്രക്കാരനെയും കയറ്റി ഉടന്‍ താലൂക്ക് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനിടയിലൂടെയാണ് ഹൈവേ പൊലീസ് കുട്ടിയെ അതിവേഗം ആശുപത്രിയിലെത്തിച്ചത്. എസ്.സി.പി.ഒ അജേഷാണ് സാഹസികമായി വാഹനം ഓടിച്ച് കുട്ടിയെ വളരെ വേഗം ആശുപത്രിയിലെത്തിച്ചത്.

കൊയിലാണ്ടി ഹൈവേ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഹമീദ്, എസ്.സി.പി.ഒ അജേഷ്, സി.പി.ഒമാരായ മിഥുന്‍, രാജേഷ് എന്നിവരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ലഭിക്കുന്ന വിവരം.


ഈ വാർത്തയെ കുറിച്ചുള്ള വായനക്കാരുടെ അഭിപ്രായങ്ങൾ വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.