ഓടകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തില്ല; മഴ പെയ്താല്‍ കുരുടിമുക്ക് അങ്ങാടിയില്‍ വെള്ളക്കെട്ട്, അരിക്കുളം പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ യു.ഡി.എഫ്
കൊയിലാണ്ടി: മഴ പെയ്താല്‍ കുരുടി മുക്ക് അങ്ങാടിയില്‍ വെള്ളം കയറുന്ന പ്രശ്‌നത്തിന് പരിഹാരം കാണാത്ത പഞ്ചായത്ത് അധികൃതര്‍ക്കെതിരെ യു.ഡി.എഫ് രംഗത്ത്. ഓടകളിലെ ചെളിയും അവശിഷ്ടങ്ങളും തങ്ങിനില്‍ക്കുന്നതിനാലാണ് അങ്ങാടികളില്‍ വെള്ളം കയറുന്നതെന്ന് 147 ബൂത്ത് യു ഡി എഫ് യോഗം വ്യക്തമാക്കി.
മഴ പെയ്യുമ്പോള്‍ അങ്ങാടിയിലെ കടകളില്‍ വെള്ളം കയറുമെന്നും വ്യാപാരികള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ സംഭവിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. സമീപത്തെ ഓടകള്‍ നന്നാക്കിയിട്ട് മാസങ്ങളായി. വ്യാപാരികള്‍ ഇക്കാര്യം പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ ശ്രമിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യോഗത്തില്‍ നേതാക്കള്‍ അറിയിച്ചു.
കെ രാജന്‍ അധ്യക്ഷത വഹിച്ചു. കെ അഷറഫ്, എന്‍ കെ അഷറഫ്, അമ്മദ് പൊയിലങ്ങല്‍, കെ ശ്രീകുമാര്‍, പി.പി കെ അബ്ദുള്ള, അബ്ദുറഹ്‌മാന്‍ ചാവട്ട് എന്നിവര്‍ സംസാരിച്ചു. 137 ബൂത്ത് യുഡിഎഫ് ഭാരവാഹികളായി കെ രാജന്‍ (ചെയര്‍മാന്‍), പി പി കെ അബ്ദുള്ള (കണ്‍വീനര്‍), കെ ശ്രീകുമാര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.