പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി; ഒരാഴ്ചക്കിടെ ആറ് തവണയായി വർധിപ്പിച്ചത് നാലര രൂപയ്ക്ക് മുകളിൽ; വില വർധനവിൽ പൊറുതി മുട്ടി ജനം
കൊയിലാണ്ടി: പെട്രോളിന് വീണ്ടും വില വർധന. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 37 പൈസയുമാണ് വർദ്ധിച്ചത്. ജനങ്ങളെ പൊരുതി മുട്ടിച്ച് ഏഴ് ദിവസത്തിനുള്ളിൽ നാലര രൂപയിൽ കൂടുതൽ വില കൂടിയത്. രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും കൂടുവാനും ഇത് കാരണമാകും എന്നതും ഏറെ ആശങ്കാകുലമാണ്.
ഒരാഴ്ചയ്ക്കിടെ ആറ് തവണയാണ് വില കൂട്ടിയത്. ഇന്നലെ അർധരാത്രിയും വില വർധിച്ചിരുന്നു. ഒരു ലിറ്റർ ഡീസലിന് 58 പൈസയും പെട്രോളിന് 55 പൈസയുമാണ് ഇന്നലെ വർധിച്ചത്. അതിന് മുന്നത്തെ ദിവസം ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. മുന്നോട്ടുള്ള ദിവസങ്ങളിൽ വീണ്ടും വില വർദ്ധിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.