‘ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നെ ആരും അവനെ മറക്കില്ല; മറ്റുള്ളവരുടെ സന്തോഷം മാത്രമായിരുന്നു അവന്റെ ആഗ്രഹം; ബഹ്റൈനിൽ മരിച്ച പാലക്കുളം സ്വദേശി ജാഫറിന്റെ വിയോഗം ഉൾക്കൊള്ളാനാവാതെ സുഹൃത്തുക്കളും നാട്ടുകാരും
കൊയിലാണ്ടി: ‘എല്ലാവർക്കും ഒരേ പോലെ ഇഷ്ടമാകുന്ന പ്രകൃതം, ‘ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നെ ആരും അവനെ മറക്കില്ല; അവന് എത്ര സങ്കടം വന്നാലും അത് മറച്ചു വെച്ച് മറ്റുള്ളവരുടെ സന്തോഷം മാത്രം കാണാൻ അഗ്രിഹക്കുന്ന മനസ്സായിരുന്നു അവന്റേത്. ചുരുക്കി പറഞ്ഞാൽ നല്ല ഒരു മനുഷ്യൻ.’ ജാഫറിനെ പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ സുഹൃത്തുകൾക്ക് നൂറു നാവ്.
ഇന്നലെയാണ് പാലക്കുളം ഗോപാലപുരം സ്കുളിന്റെ സമീപം വലിയ വീട്ടിൽ ജാഫർ ബഹ്റൈനിൽ അന്തരിച്ചത്. നാല്പത്തിരണ്ട്‍ വയസ്സായിരുന്നു. പെട്ടെന്ന് രക്തം ശർദ്ധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ബഹ്റൈൻ സർമാനിയ ഹോസ്പ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
നാട്ടിലും എല്ലാ കാര്യത്തിനും മുൻപന്തിയിൽ നിന്നതിനാൽ നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ജാഫർ. ജാഫറിന്റെ വിയോഗം ഏറെ ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്.
കലാപരമായ കഴിവുകളിലും ഏറെ മുൻപന്തിയിൽ നിന്നിരുന്ന ഒരാളായിരുന്നു ജാഫറെന്ന് ബാല്യ കാലം തൊട്ടേ സുഹൃത്തായിരുന്ന ഫൈസൽ പറഞ്ഞു. ‘പഠനകാലത്ത് അവനൊരു താരമായിരുന്നു. എല്ലാ പരിപാടികളിലും മുൻപന്തിയിൽ നിന്ന് പങ്കെടുക്കും മിമിക്രി അവതരിപ്പിക്കാനൊക്കെ ഏറെ ഇഷ്ടമായിരുന്നു’. ഫൈസൽ കൂട്ടിച്ചേർത്തു.
ബഹ്റൈനിൽ സി.സി.ടി.വി ക്യാമറ ടെക്‌നീഷ്യനാണ് ജാഫർ. എട്ടു മാസങ്ങൾക്കു മുൻപാണ് അവസാനമായി നാട്ടിൽ വന്നു പോയത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള പേപ്പർ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് രാത്രിയോടെ എത്തിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു.
ഇബ്രാഹിമിന്റെയും കുഞ്ഞാമിനയുടെയും മകനാണ്. ജസ്റീലയാണ് ഭാര്യ. മക്കൾ: ഹിഷാം, ഹിഷൽ. സഹോദരങ്ങൾ: ഷംസു, അനസ്, ആയിശ, റഹ്മത്ത്.