കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്ര കല്‍പ്പറ്റ വഴി മൈസൂരുവിലേക്ക് റെയില്‍പാത; പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയില്‍
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്ന് കല്‍പ്പറ്റ വഴി മൈസൂരിലേക്കുള്ള റെയില്‍പാതയ്ക്കുള്ള നിര്‍ദേശം റെയില്‍വേ മന്ത്രാലയം പരിശോധിക്കുന്നു. മൈസൂരിന്റെ പ്രാന്തപ്രദേശമായ കടകോളവരെയുള്ള റെയില്‍പാതയെക്കുറിച്ചുള്ള നിര്‍ദേശമാണ് പരിഗണനയിലുള്ളതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.
കൊയിലാണ്ടി, പേരാമ്പ്ര, മുള്ളന്‍കുന്ന്, നിരവില്‍പുഴ, തരുവണ, കല്‍പ്പറ്റ, മീനങ്ങാടി, പുല്‍പ്പള്ളി, കൃഷ്ണരാജപുര, എച്ച്.ഡി.കോട്ട്, ഹമ്പാപുര, ബഡിരഗൂഡ് എന്നീ പ്രദേശങ്ങള്‍ ചേര്‍ന്ന് കടകോള റെയില്‍വേ സ്‌റ്റേഷനില്‍ അവസാനിക്കുന്ന 190 കിലോമീറ്റര്‍ റെയില്‍പാത സ്ഥാപിക്കാനുള്ള പ്രൊപ്പോസലാണ് നല്‍കിയിരിക്കുന്നത്. വനമേഖലയെ ബാധിക്കാത്ത തരത്തില്‍ വയനാട്ടില്‍ നിന്നും മൈസൂര്‍ വരെ സാധ്യമായ ഏക റെയില്‍വേ പാതയാണിത്.
ഈ റെയില്‍വേ റൂട്ട് യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ കോഴിക്കോടുനിന്നും മൈസൂര്‍ വരെയുള്ള യാത്രാദൂരം 230 കിലോമീറ്റര്‍ ആയി കുറയും. നിലവില്‍ ബംഗളുരു വഴി 715 കിലോമീറ്ററും മംഗളുരു വഴി 507 കിലോമീറ്ററുമാണ് മൈസൂരുവിലേക്കുള്ള ദൂരം. ഇതിനു പുറമേ റെയില്‍വേ ബോര്‍ഡ് ഇതിനകം തന്നെ അംഗീകാരം നല്‍കിയ തിരുനാവായ ഗുരുവായൂര്‍ റെയില്‍ ലൈന്‍ പൂര്‍ത്തിയായാല്‍ ബംഗളുരുവില്‍ നിന്നും മൈസൂര്‍, കോഴിക്കോട്, ഗുരുവായൂര്‍, എറണാകുളം വഴി തിരുവനന്തപുരത്തേക്കുള്ള ഏറ്റവും എളുപ്പമുള്ള റൂട്ടാകും ഇത്.
പാതയ്ക്ക് പാരിസ്ഥിതികാനുമതി നേടിയെടുക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെയും കര്‍ണാടകയിലെയും വനംവകുപ്പിന്റെയും വന്യജീവി സംരക്ഷണ വിഭാഗത്തിന്റെയും നാഷണല്‍ വൈല്‍ഡ്‌ലൈഫ് ബോര്‍ഡിന്റെയും, നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെയും ഏറ്റവുമൊടുവിലായി സുപ്രീം കോടതിയുടെയും അനുമതി നേടാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനുശേഷമേ പരിസ്ഥിതി മന്ത്രാലയത്തിന് പ്രോജക്ടിന് അംഗീകാരം നല്‍കാനാവൂവെന്നാണ് ഉറവിടങ്ങളെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.
Summary: proposal for a railway line from Koyilandy in Kozhikode district via Kalpetta to Kadakola, a suburb of Mysuru. 190-km rail network starting from Koyilandy and linking Peramba, Mullankunnu, Niravilpuzha, Tharuvana, Kalpetta, Meenangadi, Pulpally, Krishnarajapura, H.D. Kote, Hampapura, Badiragoodu, and culminating at the existing Kadakola station.