സൗജന്യ പരിശോധനയും മരുന്നു വിതരണവും; അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് കൊയിലണ്ടി പോലീസ്


കൊയിലാണ്ടി: കോഴിക്കോട് ജില്ലാ റൂറൽ പോലീസും കൊയിലാണ്ടി പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസും സംയുക്തമായി കൊയിലാണ്ടിയിലെ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അതിഥി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയുടെ ഭാഗമായി നന്തി സഹാനി ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.

കൊയിലാണ്ടി ഐ.പി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് രാമാനന്ദ എൽ.പി സ്കൂളിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറൽ മെഡിസിൻ, ചർമ്മ വിഭാ​ഗം ഡോക്ടർമാരുടെ സേവനമാണ് ക്യാമ്പിൽ ലഭ്യമായത്. ക്യാമ്പിന്റെ ഉദ്ഘാടനം ചെങ്ങോട്ടുകാവ് പഞ്ചായത്ത് മെമ്പർ രമേശൻ നിർവഹിച്ചു.

സ്റ്റേഷൻ പരിധിയിലുള്ള 85 അതിഥി തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു. സൗജന്യ ജീവിത ശെെലി രോ​ഗ നിർണ്ണയവും മരുന്നു വിതരണവും ക്യാമ്പിന്റെ ഭാ​ഗമായി നടന്നു. ഒ.കെ സുരേഷ്, പ്രതീഷ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ രാജേഷ്, സുമേഷ്, കൊയിലാണ്ടി ട്രാഫിക് പോലീസ് ഹോം ഗാർഡ്, കൊയിലാണ്ടി ഫയർഫോഴ്സിലെ സെൽഫ് ഡിഫൻസ് വളണ്ടിയർമാരും പരിപാടിയിൽ പങ്കെടുത്തു.

Summary: Free medical camp conducted by Koyilandy police