സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി. മലപ്പുറം പരപ്പനങ്ങാടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്തതിനാലാണെന്നും ആവശ്യമായ പുതിയ ബാച്ചുകള്‍ അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടുമാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വിദ്യാര്‍ഥിനിയുടെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്‌റിന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇനിയൊരു ഹാദി റുഷ്ദ കേരളത്തില്‍ ഉണ്ടാകരുത്. അതിന് പുതിയ ബാച്ചുകള്‍ അനുവദിച്ച് ഉത്തരവിറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്ലസ് വണ്‍ അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിച്ച ശേഷവും മലബാര്‍ ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറി സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണെന്ന് ഫ്രറ്റേണിറ്റി ചൂണ്ടിക്കാട്ടി. മലബാര്‍ ജില്ലകളില്‍ ഈ വര്‍ഷം പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുള്ളവര്‍ 2,46,086 വിദ്യാര്‍ഥികളാണ്. ജൂണ്‍ 11ന് വൈകീട്ട് പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട്‌മെന്റിന് ശേഷം 1,27,181 വിദ്യാര്‍ഥികള്‍ക്ക് മലബാറില്‍ സീറ്റ് ലഭിച്ചിട്ടില്ല. മലബാര്‍ ജില്ലകളില്‍ ബാക്കി ലഭ്യമായിട്ടുള്ള 42,641 സീറ്റുകളിലേക്ക് കൂടി ഇനി പ്രവേശനം ലഭിച്ചാലും 84,540 വിദ്യാര്‍ഥികള്‍ പുറത്തു നില്‍ക്കേണ്ടിവരും.
മലബാര്‍ ജില്ലകളില്‍ ആയിരക്കണക്കിന് സീറ്റുകള്‍ ബാക്കിയാണെന്ന നുണ പ്രചാരണം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ നടത്തിയ അതേ ദിവസമാണ് മലപ്പുറത്ത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുണ്ടാകുന്നത്. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സ്ഥാപനവല്‍കൃത കൊലപാതകമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി. തഷ്രീഫ്, ആദില്‍ അബ്ദുറഹീം, ജില്ല പ്രസിഡന്റ് അലി സവാദ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.