ബുള്ളറ്റില്‍ കറക്കം, സംശയം തോന്നി പൊക്കിയപ്പോള്‍ കഞ്ചാവ്; മൂന്ന് കിലോയോളം കഞ്ചാവുമായി പെരുവണ്ണാമൂഴി സ്വദേശിയടക്കം നാല് പേര്‍ പിടിയില്‍
കല്‍പ്പറ്റ: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവ് കടത്തിയ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാപ്പുണ്ടിക്കലില്‍ 2.040 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേരാണ് പിടിയിലായത്. കോഴിക്കോട് പെരുവണ്ണാമൂഴി ചക്കിട്ടപാറ കുന്നുമ്മല്‍ വീട്ടില്‍ ഷാഹിദ് (37), നിരവധി കേസുകളിലെ പ്രതിയായ കല്‍പ്പറ്റ പെരുന്തട്ട മണ്ഡേപുരം വീട്ടില്‍ മുനിയന്‍ എന്ന എം.പി നിയാസ് (31), മാനന്തവാടി അമ്പുകുത്തി സജ്‌ന മന്‍സില്‍ എ. ഷറഫു (41), എന്നിവരാണ് അറസ്റ്റിലായത്.
ചില്ലറ വില്‍പ്പന നടത്തുന്നതിനായി ചെറിയ പാക്കറ്റുകളാക്കി സൂക്ഷിച്ച നൂറോളം കഞ്ചാവ് പൊതികളടക്കം 2.040 കി.ഗ്രാം കഞ്ചാവാണ് സംഘത്തില്‍ നിന്ന് പിടിച്ചെടുത്തത്. ലഹരിവില്‍പ്പന നടത്തിയ വകയില്‍ മൂവരും കൈവശം സൂക്ഷിച്ച രണ്ടായിരത്തോളം രൂപയും പോലീസ് സംഘം പിടികൂടിയിട്ടുണ്ട്. പടിഞ്ഞാറത്തറ എസ്.ഐ പി.എന്‍ മുരളീധരന്‍, സി.പി.ഒമാരായ അനില്‍കുമാര്‍, എ.പി സജീര്‍, കരുണാകരന്‍ എന്നിവരടങ്ങിയ സംഘമാണ് ലഹരിക്കടത്തുസംഘത്തെ വലയിലാക്കിയത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പുല്‍പ്പള്ളി സ്റ്റേഷന്‍ പരിധയില്‍ 706 ഗ്രാം കഞ്ചാവുമായാണ് യുവാവ് അറസ്റ്റിലായത്. പനമരം കമ്പളക്കാടിനടുത്ത ഏച്ചോം മൂഴയില്‍ ജോബിന്‍ ജേക്കബ് (24) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളും കഞ്ചാവ് ചില്ലറവില്‍പ്പനക്കിറങ്ങിയതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ അനന്ത കൃഷ്ണനും സംഘവും പെരിക്കല്ലൂര്‍ തോണിക്കടവില്‍ നടത്തിയ പരിശോധനക്കിടെ ബുള്ളറ്റില്‍ സഞ്ചരിക്കുകയായിരുന്നു ജോബിന്‍ ജേക്കബിനെ ചോദ്യം ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്തപ്പോള്‍ ജോബിന്റെ മറുപടികളില്‍ സംശയം തോന്നിയ പോലീസ് സംഘം കൂടുതല്‍ പരിശോധന നടത്തിയതോടെയാണ് കഞ്ചാവ് കണ്ടെത്തിയത്. കേരള-കര്‍ണാടകഅതിര്‍ത്തി പ്രദേശമായ ബൈരകുപ്പയില്‍ നിന്നും അഞ്ചുകുന്നിലും പരിസര പ്രദേശങ്ങളിലും വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് കൊണ്ടുപോകുകയായിരുന്നു കഞ്ചാവെന്ന് പൊലീസ് പറഞ്ഞു.