പിടിച്ചെടുത്തത് 40 ലിറ്റർ ചാരായവും 1200 ലിറ്റർ വാഷും; ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ ചാരായം വാറ്റിയ പേരാമ്പ്ര സ്വദേശി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ


വയനാട്: മാനന്തവാടിയില്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ മറവില്‍ നടന്ന ചാരായ വാറ്റ് എക്സൈസ് പിടികൂടി. ആലാറ്റിൽ വട്ടോളിയിൽ എക്‌സൈസ് നടത്തിയ റെയ്ഡിൽ 40 ലിറ്റർ ചാരായവും 1200 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളമായി പേരാമ്പ്ര സ്വദേശി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. പേരാമ്പ്ര സ്വദേശി എന്‍ പി മുഹമ്മദ്, ഇടുക്കി സ്വദേശി അനീഷ്, ബേപ്പൂര്‍ സ്വദേശി അജിത്ത്, ശ്രീകണ്ഠാപുരം സ്വദേശി മാത്യു ചെറിയാന്‍ എന്നിവരാണ് പിടിയിലായത്.

ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ വൻതോതിൽ ചാരായം വാറ്റുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സെെസിന്റെ പരിശോധന. 35 ലിറ്ററിന്‍റെ രണ്ട് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 40 ലിറ്റര്‍ ചാരായവും 200 ലിറ്ററിന്‍റെ ആറ് ബാരലുകളിലായുള്ള 1200 ലിറ്റര്‍ വാഷും, ചാരായം വാറ്റുന്നതിനായി സജ്ജീകരിച്ച ഗ്യാസ് സിലണ്ടര്‍, അടുപ്പ്, തണുത്ത വെള്ളം സംഭരിക്കാനുള്ള ബാരല്‍ എന്നിവയാണ് സ്ഥലത്തുനിന്ന് പിടിച്ചെടുത്തത്. ചാരായം കടത്താന്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന ട്രസ്റ്റിന്‍റെ പേരിലുള്ള വാഹനവും എക്സൈസ് പിടിച്ചെടുത്തു.

പേരാവൂര്‍ കൃപ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ കീഴിലുള്ള തോട്ടത്തില്‍ നിന്നാണ് വന്‍ തോതില്‍ ചാരായ വാറ്റ് പിടികൂടിയത്. മാനന്തവാടി എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി ആർ ജിനോഷ്, എ സി പ്രജീഷ്, ടി ജി പ്രിൻസ്, കെ ഹാഷിം, സെൽമ ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Summary: Four people including a native of Perampra were arrested with 40 liters of trash and 1200 liters of wash in wayanad