പാലക്കാടിനെ നടുക്കി കൂട്ട ആത്മഹത്യ; പുഴയിൽ ചാടി മരിച്ചത് ഒരു കുടുംബത്തിലെ നാലു പേർ; ഭാര്യയുടെയും ഭർത്താവിന്റെയും കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ


പാലക്കാട്: പാലക്കാടിനെ നടുക്കി കൂട്ട ആത്മഹത്യ. പുഴയിൽ ചാടി മരിച്ചത് നാല് പേർ. പാലക്കാട് ലക്കിടിയിലാണ് സംഭവം. കൂട്ടുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി, മക്കളായ ആര്യനന്ദ, അശ്വനന്ദ എന്നിവരാണ് ആത്മഹത്യ ചെയ്തത്.

സംഭവസ്ഥലത്ത് നിന്നും അജിത് കുമാറിന്റേയും വിജിയുടെയും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ജീവിത നൈരാശ്യം കൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്നാണ് കത്തിൽ പറയുന്നത്. ആത്മഹത്യാക്കുറിപ്പിൽ അജിത് മാത്രമാണ് ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചതെന്നും എന്നാൽ അതിന് സമ്മതിക്കാതെ എല്ലാവരും ആത്മഹത്യ ചെയ്യാൻ തീരുമാനിയ്ക്കുകയായിരുന്നുവെന്നും പറയുന്നുണ്ട്.

മരിച്ച അജിത്ത്കുമാറും ജേഷ്ഠൻ അനിൽകുമാറും 2012 ൽ ത്യശ്ശൂർ വിയ്യൂരിൽ വെച്ച് അമ്മാവൻ സുധാകരനെ കൊന്ന കേസിൽ പ്രതികളാണ്. കേസിൽ തൃശൂർ സെഷൻസ് കോടതിയിൽ വിചാരണ നടന്നു വരികയാണ് ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് കുറിപ്പിൽ പറയുന്നത്.

ഇന്ന് രാവിലെ അജിത്തിന്റെ ലക്കിടിയിലെ വാടക വീട്ടിൽ സഹോദരൻ ചെന്നപ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ല തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് അജിത്തിന്റെ സ്കൂട്ടർ ലക്കിടി റെയിൽവേ ഗേറ്റിന് കിഴക്കുവശത്തുള്ള പമ്പ് ഹൗസിന് സമീപം നിർത്തിയിട്ടിരിക്കുന്നത് കണ്ടെത്തുകയായിരുന്നു.

തുടർന്ന് നാട്ടുകാരെയും പോലീസുകാരെയും വിവരമറിയിച്ച് ഇവരുടെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ് പുഴയുടെ കരയിൽ അജിത്തിന്റെയും ഭാര്യ വിജിയുടെയും കുട്ടികളുടെയും ചെരിപ്പ് കണ്ടെത്തിയത്. അജിതിന്റേയും വിജിയുടെയും ആര്യനന്ദയുടെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് അശ്വനന്ദയുടെയും മൃതദേഹം കിട്ടി. അജിത്തിന്റേയും വിജിയുടെയും കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രണ്ടു വർഷം മുൻപാണ് അജിത് കുമാർ വിജിയെ വിവാഹം കഴിക്കുന്നത്. വിജിയുടെ ആദ്യ വിവാഹത്തിലുള്ളതാണ് പതിന്നാലും ആറും വയസ്സുള്ള കുട്ടികൾ.