പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് അപകടം; നവദമ്പതിമാരടക്കം നാല് പേർക്ക് ദാരുണാന്ത്യം
പത്തനംതിട്ട: പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മടങ്ങിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. പുനലൂര്‍-മുവാറ്റുപുഴ സംസ്ഥാന പാതയില്‍ പുലർച്ചെ 5 മണിയോടെയാണ് അപകടം.
അടുത്തിടെ വിവാഹം കഴിഞ്ഞ അനുവും നിഖിലും മലേഷ്യയില്‍ മധുവിധു കഴിഞ്ഞ് തിരുവനന്തപുരത്ത് രാത്രിയാണ് മടങ്ങിയെത്തിയത്. ഇവരെ കൂട്ടി മടങ്ങുകയായിരുന്നു അനുവിന്റെ അച്ഛന്‍ ബിജു ജോര്‍ജും, നിഖിലിന്‍റെ അച്ഛന്‍ മത്തായി ഈപ്പനും. വീട്ടിലേക്കെത്താന്‍ ഏഴുകിലോമീറ്റര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് അപകടം.
എതിര്‍ദിശയില്‍ വരികയായിരുന്ന ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കാറിന്റെ മുന്‍വശം ആകെ തകര്‍ന്ന നിലയിലായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസിലെ യാത്രക്കാർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്.
Description: Four killed in Pathanamthitta Sabarimala pilgrims bus and car collision