പട്ടികജാതിയിൽ പെട്ടവർക്ക് മതിയായ പ്രാതിനിധ്യം ഇല്ല, ഇപ്പോൾ തന്നെ നിരവധി പദവികൾ വഹിക്കുന്ന, ഇത്രയും പ്രായമായ രത്നവല്ലി ടീച്ചറെ എന്തിനാണ് ഉൾപ്പെടുത്തിയത് എന്ന് മനസിലാവുന്നില്ല’; പുതിയ കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്കെതിരെ മുൻ കെ.പി.സി.സി അംഗം വി.ടി.സുരേന്ദ്രൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: ‘അര്‍ഹതയുള്ള നിരവധി പേര്‍ പുറത്ത് നില്‍ക്കുകയാണ്, പ്രവര്‍ത്തന പാരമ്പര്യം നോക്കിയിട്ടല്ല, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, കോണ്‍ഗ്രസിന്റെ മറ്റ് സാമൂഹ്യ സംഘടനകൾ എന്നിവയിലൊന്നും പ്രവര്‍ത്തിച്ച് പരിചയമില്ലാത്തവരെയാണ് കെ.പി.സി.സി അംഗങ്ങളാക്കിയവരില്‍ പലരും. താഴേ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് കയറി വന്ന ആളല്ല രത്‌നവല്ലി ടീച്ചർ’. പുതിയ കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്കെതിരെ കൊയിലാണ്ടിയിലെ കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി അംഗവുമായ വി.ടി.സുരേന്ദ്രൻ. കെപിസിസി അംഗങ്ങളുടെ ലിസ്റ്റ് പുറത്തു വന്നതിന് പിന്നാലെ കൊയിലാണ്ടിയിലെ കോൺഗ്രസ് പ്രവർത്തകരുടെ ഇടയിൽ ശക്തമായ വിയോജിപ്പ് തുടരുകയാണ്.
കൊയിലാണ്ടിയിൽ നിന്ന് കെ.പി.സി.സിയിലേക്ക് രത്നവല്ലി ടീച്ചറെ തിരഞ്ഞെടുത്തതിൽ നിന്നുള്ള പ്രതിഷേധവും അദ്ദേഹം അറിയിച്ചു. ‘ഗവണ്‍മെന്റ് സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷമാണ് രത്‌നവല്ലി ടീച്ചര്‍ പാര്‍ട്ടിയിലേക്ക് വരുന്നത്. ബാങ്ക് പ്രസിഡന്റ്, കൗണ്‍സിലര്‍, പ്രതിപക്ഷനേതാവ്, മഹിളാ കോണ്‍ഗ്രസ് നേതാവ് തുടങ്ങി നിരവധി പദവികള്‍ ടീച്ചര്‍ക്ക് നിലവിലുണ്ട്. ഈ പദവികളൊക്കെയുള്ളപ്പോള്‍ എന്തിനാണ് ഇത്രയും പ്രായമായ ടീച്ചറെ കെ.പി.സി.സി അംഗമാക്കിയത് എന്ന് ആർക്കും മനസിലാവുന്നില്ല. കൊയിലാണ്ടിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ശക്തമായ വിയോജിപ്പുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.പി.സി.സിയില്‍ പട്ടികജാതിക്കാര്‍ക്ക് മതിയായ പ്രാതിനിധ്യം ഇല്ല എന്ന വിഷയവും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ‘കോഴിക്കോട് ജില്ലയില്‍ രണ്ടേമുക്കാല്‍ ലക്ഷത്തിലേറെ പട്ടികജാതിക്കാര്‍ ഉണ്ട്. സി.പി.എമ്മിലേക്കും ബി.ജെ.പിയിലേക്കും ചേക്കേറിയ പട്ടികജാതിക്കാര്‍ ഉണ്ടെങ്കിലും കോണ്‍ഗ്രസില്‍ വിശ്വസിക്കുന്ന വലിയൊരു വിഭാഗം പട്ടികജാതിക്കാര്‍ ഇപ്പോഴും ജില്ലയിലുണ്ട്. അവര്‍ക്ക് വേണ്ടത്ര പരിഗണന പാര്‍ട്ടി നല്‍കിയിട്ടില്ല’ എന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ മാത്രമല്ല, കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലും മറ്റ് സാമൂഹ്യ സംഘടനകളിലുമെല്ലാം പ്രവര്‍ത്തിച്ച് പരിചയമുള്ള ആളുകള്‍ പാര്‍ട്ടിയില്‍ ഉണ്ടെങ്കിലും പട്ടികജാതിക്കാര്‍ക്ക് മതിയായ പരിഗണന കോണ്‍ഗ്രസ് നേതൃത്വം നല്‍കിയില്ല എന്ന പ്രയാസവും ഉണ്ട്. നമ്മളെയൊക്കെ മാറ്റിനിര്‍ത്തിയത് എന്തിനാണ് എന്ന് ഇപ്പോഴും മനസിലായിട്ടില്ല. ഒഴിവാക്കിയതിന് വ്യക്തമായ ഒരു കാരണവും ഇതുവരെ അറിയിച്ചിട്ടില്ല’ സുരേന്ദ്രൻ സങ്കടം പങ്കുവെച്ചു.
‘പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ അടുത്തിടെയാണ് സംഘടനകള്‍ ഉണ്ടാക്കിയത്. എന്നാല്‍ കെ.കരുണാകരന്റെ കാലത്ത് തന്നെ കോണ്‍ഗ്രസ് ദളിത് വിഭാഗത്തില്‍ പെട്ടവര്‍ക്കായി സംഘടന ഉണ്ടാക്കിയിരുന്നു. ശക്തമായ നേതൃത്വമാണ് അന്നുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ക്രമേണെ ഇവരെ പാര്‍ശ്വവല്‍ക്കരിച്ചു. ഇവര്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നതോടെ വലിയൊരു വോട്ട് ബാങ്കും പാര്‍ട്ടിയില്‍ നിന്ന് അകലുകയും സംഘടനാശക്തി കുറയുകയും ചെയ്തതായി സുരേന്ദ്രൻ പറഞ്ഞു.
2014 ല്‍ ആണ് എന്‍.പി.മൊയ്തീനൊപ്പം കെ.പി.സി.സി അംഗമായി വി.ടി.സുരേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടത്. സോണിയ ഗാന്ധിയാണ് ഇവരെ തിരഞ്ഞെടുത്തത്. എന്നാൽ ഇത്തവണത്തെ പട്ടികയിൽ പട്ടികജാതി വിഭാഗത്തില്‍പെട്ട സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ കെ.പി.സി.സിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിലെ പലര്‍ക്കും ശക്തമായ പ്രതിഷേധമുണ്ട്. പട്ടികജാതി സമൂഹത്തോടുള്ള നേതൃത്വത്തിന്റെ അവഗണനയാണ് സുരേന്ദ്രനെ മാറ്റിനിര്‍ത്തിയതിന് പിന്നിലെന്ന് പലരും പറയുന്നു.
‘കൊയിലാണ്ടിയിലെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിക്ക് ഗുണം ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ല എന്നും സുരേന്ദ്രൻ പറയുകയുണ്ടായി. സി.പി.എമ്മില്‍ നിന്ന് നഗരസഭ പിടിച്ചെടുക്കാനോ നിയോജകമണ്ഡലം പിടിച്ചെടുക്കാനോ സാധ്യമായ രീതിയില്‍ വോട്ടര്‍മാരെ സ്വാധീനിച്ച് വോട്ടുനില വര്‍ധിപ്പിക്കാന്‍ തക്ക നേതൃഗുണം ഇപ്പോള്‍ കൊയിലാണ്ടിയില്‍ നേതൃത്വത്തിലുള്ളവര്‍ക്ക് ഉണ്ട് എന്ന് കരുതുന്നില്ല’ അദ്ദേഹം കൂട്ടിച്ചേർത്തു.
‘പാര്‍ട്ടിയില്‍ വല്യേട്ടന്‍ മനോഭാവം ഉണ്ട്. ഒരു മാനദണ്ഡവും നോക്കാതെയാണ് കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്തത് എന്നും പാര്‍ട്ടി ക്ഷയിച്ചാലും തങ്ങള്‍ക്ക് നേതാക്കളായി തുടരണമെന്ന് കരുതുന്ന വിഭാഗം നേതാക്കള്‍ കോഴിക്കോട് ജില്ലാ നേതൃത്വത്തിലുണ്ട് എന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാം’ എന്നും സുരേന്ദ്രൻ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
പ്രാദേശിക പാര്‍ട്ടിയില്‍ ഒരുപാട് പൊട്ടിത്തെറികള്‍ ഉണ്ടെന്നാണ് കൊയിലാണ്ടിയിലെ കോണ്‍ഗ്രസുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. ഇപ്പോഴത്തെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പലര്‍ക്കും അതൃപ്തിയുണ്ട്. ഇത് യു.ഡി.എഫിലും പ്രതിഫലിക്കുന്നുണ്ട്.