റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലേ? എങ്കില്‍ ഇനി റേഷന്‍ കിട്ടില്ലെന്ന് പൊതുവിതരണ വകുപ്പ്


കോഴിക്കോട്: റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഇനി റേഷന്‍ നല്‍കാനാവില്ലെന്ന് പൊതുവിതരണ വകുപ്പ്. ഈമാസം 20നകം പ്രക്രിയ പൂര്‍ത്തിയാക്കുവാനാണ് നിര്‍ദേശം. അതുകൊണ്ടുതന്നെ ആധാറില്ലാത്ത അംഗങ്ങളുടെ പേരുകള്‍ കാര്‍ഡില്‍നിന്ന് ഒഴിവാക്കുകയാണ്.

റേഷന്‍ ഗുണഭോക്താക്കളായ അന്ത്യോദയ (മഞ്ഞ), മുന്‍ഗണന (പിങ്ക്) കാര്‍ഡുകളിലും സംസ്ഥാന സബ്‌സിഡി (നീല), പൊതു (വെള്ള) കാര്‍ഡുകളിലും ഇനിയും അംഗങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാനുണ്ട്. അതേസമയം, കാര്‍ഡിന് വിഹിതം ലഭിക്കുന്ന മഞ്ഞ, വെള്ള കാര്‍ഡുകളിലെ അംഗങ്ങളെ ഒഴിവാക്കിയാല്‍ ലഭിക്കുന്ന റേഷന്‍ കുറയില്ല. എന്നാല്‍, അംഗങ്ങള്‍ക്ക് വിഹിതമുള്ള പിങ്ക്, നീല കാര്‍ഡുകളില്‍ അംഗങ്ങളെ ഒഴിവാക്കിയാല്‍ ലഭിക്കുന്ന അളവ് കുറയും.

മലപ്പുറം ജില്ലയില്‍ ഇതിനകം ആധാര്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇടുക്കി, വയനാട്, പാലക്കാട്, കാസര്‍കോട് ജില്ലകള്‍ പിറകിലാണ്.

സംസ്ഥാനത്ത് 92,88,126 റേഷന്‍ കാര്‍ഡുകളാണുള്ളത്. ഈ റേഷന്‍ കാര്‍ഡുകളില്‍ 3,54,30,614 അംഗങ്ങളുമാണുള്ളത്. ഇതില്‍ 98 ശതമാനം അംഗങ്ങള്‍ ആധാര്‍ ബന്ധിപ്പിച്ചു കഴിഞ്ഞു. ആറു ലക്ഷത്തില്‍ അധികം അംഗങ്ങള്‍ ഇനിയും ബന്ധിപ്പിക്കാനുണ്ട്.