കണ്ണൂരിലേക്ക് പോകുന്നവരുടെ ശ്രദ്ധക്ക്; ഇന്ന് ജില്ലയില്‍ എവിടേയും പെട്രോളും ഡീസലും കിട്ടില്ല
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ ഇന്ന് സമരത്തില്‍. ജില്ലയില്‍ പെട്രോള്‍ പമ്പുകള്‍ ഇന്ന് തുറക്കില്ല. മാഹിയില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള ഇന്ധനക്കടത്ത് തടയണമെന്നാവശ്യപ്പെട്ടാണ് സമരം.
ഇന്ന് രാവിലെ 6 മണിക്ക് തുടങ്ങി നാളെ രാവിലെ 6 മണി വരെ 24 മണിക്കൂറാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത്. ജില്ലാ പെട്രോളീയം ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.
കുറഞ്ഞ വിലയ്ക്ക് മാഹിയില്‍ നിന്നും കര്‍ണാടകയിലെ വിരാജ്‌പേട്ടയില്‍ നിന്നും ഇന്ധനം കണ്ണൂരിലെത്തിച്ച് വില്‍പന നടത്തുന്നുവെന്നാണ് പമ്പുടമകള്‍ പറയുന്നത്. മാഹിയില്‍ പെട്രോളിന് 15ഉം ഡീസലിന് 13ഉം രൂപയുടെ കുറവാണ് ഒരു ലിറ്ററിലുള്ളത്. കര്‍ണാടകയിലാവട്ടെ ഡീസലിന് എട്ടും പെട്രോളിന് അഞ്ചും രൂപയുടെ വിലക്കുറവുണ്ട്. മാഹിക്ക് തൊട്ടടുത്തെ പ്രദേശമായതിനാല്‍ തലശ്ശേരി താലൂക്കിലെ പമ്പുകളില്‍ ഇന്ധന വില്‍പ്പന പകുതിയായി കുറഞ്ഞെന്നാണ് പമ്പുടമകള്‍ പറയുന്നത്.
നിരവധി തവണ പരാതി നല്‍കിയിട്ടും ജില്ലാ അതിര്‍ത്തികളില്‍ കാര്യമായ പരിശോധനകള്‍ നടക്കുന്നില്ലെന്നും സമരക്കാര്‍ ആരോപിക്കുന്നു.
ഈ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്.