വിഷമില്ലാത്ത ഭക്ഷണം കഴിക്കാനായി കൈകോർക്കാം; അരിക്കുളം പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കും


അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തിലെ 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന വികസന സെമിനാറിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. കാര്‍ഷിക രംഗത്തെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് നിലമൊരുക്കലുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടപ്പാക്കുക. ജൈവവള നിര്‍മ്മാണ യൂണിറ്റ്, കേര നഴ്‌സറി, ഫലവൃക്ഷതൈ നഴ്‌സറി തോടുകള്‍ എന്നിവ സഞ്ജമാക്കും. കൂടാതെ കുളങ്ങള്‍ നവീകരിക്കുകയും ക്ഷീരമേഖലയ്ക്ക് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുകയും ചെയ്യും.

സമഗ്ര തെങ്ങ് കൃഷിവികസനം, പച്ചക്കറി കൃഷി, കോഴി വളര്‍ത്തല്‍, ആട് ഗ്രാമം പദ്ധതി തുടങ്ങയവ നടപ്പാക്കാനും വികസന സെമിനാറില്‍ തീരുമാനമായി. പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി രജനി, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എം. പ്രകാശന്‍, എന്‍.വി നജീഷ് കുമാര്‍, എന്‍.എം. ബിനിത , ബ്ലോക്ക് മെമ്പര്‍മാരായ കെ. അബിനിഷ് , ടി. രജില, ആസൂത്രണ ബോഡ് ഉപാധ്യക്ഷന്‍ വി.എം ഉണ്ണി, സെക്രട്ടറി സുനില്‍കുമാരി എന്നിവര്‍ സംസാരിച്ചു.