കുറ്റ്യാടിയിലെ സ്‌കൂളില്‍ ഗണപതിഹോമം നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ‘ഇത് സ്‌കൂളാണ്, ആര്‍.എസ്.എസ് ശാഖയല്ല’ മുദ്രാവാക്യം വിളിയോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം


കുറ്റ്യാടി: സ്‌കൂളിലെ ക്ലാസ് മുറിയിലും ഓഫീസിലും ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ക്ലാസ് മുറിയുടെ ഉള്ളിലാണ് പൂജ നടത്തിയത്. സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയോടെയെത്തി പൂജ തടയുകയായിരുന്നു. ഇത് സ്കൂളാണ് ആർ.എസ്.എസ് ശാഖയല്ല എന്ന മുദ്രാവാക്യം വിളിയോടെയാണ് പ്രവർത്തകരെത്തിയത്.

തടകായക്കൊടി പഞ്ചായത്തിലെ നിടുമണ്ണൂര്‍ എല്‍.പി സ്‌കൂളില്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. സ്‌കൂളിന് സമീപം രാത്രിയില്‍ വാഹനങ്ങള്‍ കണ്ട് നാട്ടുകാര്‍ അകത്ത് കയറിയപ്പോഴാണ് പൂജ നടക്കുന്ന വിവരം അറിഞ്ഞത്. ഇതോടെയാണ് പ്രദേശത്തെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. പിന്നീട്, പൊലീസ് എത്തി സ്‌കൂള്‍ മാനേജരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

ഈ സ്‌കൂളിന്റെ മാനേജര്‍ ബി.ജെ.പി അനുഭാവിയാണ്. സ്‌കൂളിന്റെ പുതിയ കെട്ടിടം പണി പൂര്‍ത്തിയായ സാഹചര്യത്തിലാണ് മാനേജ്മെന്റ് പൂജ നടത്തിയതെന്നാണ് വിവരം.

സംഭവത്തില്‍ പ്രതിഷേധിച്ച് സ്‌കൂളിലേക്ക് ഇന്ന് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. പ്രതിഷേധ മാര്‍ച്ച് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.സി.സൈജു ഉദ്ഘാടനം ചെയ്യും.

സംഭവത്തെക്കുറിച്ച് താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്നാണ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജിത പറഞ്ഞത്. എ.ഇ.ഒ വിളിക്കുമ്പോഴാണ് വിവരം അറിഞ്ഞത്. വൈകുന്നേരം സ്‌കൂള്‍ വിട്ട് ഇറങ്ങുന്നതുവരെ പൂജയോ അതിനുള്ള ഒരുക്കങ്ങളോ ഉണ്ടായിട്ടില്ലെന്നും സജിത വ്യക്തമാക്കി.