കുഴിമന്തി കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായി, കാസര്‍കോട് പതിനെട്ടുകാരി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം



കാസര്‍കോട്:
കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ പെണ്‍കുട്ടി മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാസര്‍കോട് തലക്ലായില്‍ അഞ്ജുശ്രീ പാര്‍വ്വതി (18) ആണ് മരിച്ചത്.

ഡിസംബര്‍ 31ന് രാത്രി ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടിക്ക് ശാരീരിക അസ്വാസ്ഥതകളുണ്ടായത്. സഹോദരന്‍ ഉള്‍പ്പെടെ നാലുപേരാണ് കുഴിമന്തി കഴിച്ചത്. ഇതില്‍ സഹോദരന് ഒഴികെ മൂന്നുപേര്‍ക്കും ശാരീരിക അസ്വസ്ഥതകളുണ്ടായി.

പിറ്റേന്ന് തന്നെ അഞ്ജുശ്രീ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വെള്ളിയാഴ്ച രാവിലെ എഴുന്നേല്‍ക്കാന്‍ പോലുമാകാത്തതിനാല്‍ ആദ്യം കാസര്‍കോട്ടെയും പിന്നീട് മംഗളുരുവിലെയും സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് മരിച്ചത്.

അടുക്കത്ത്ബയിലെ ഒരു ഹോട്ടലില്‍ നിന്നാണ് കുഴിമന്തി ഓര്‍ഡര്‍ ചെയ്തത് വരുത്തിയതെന്ന് വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുടുംബം മേല്‍പ്പറമ്പ് പോലീസിന് നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ് അഞ്ജുശ്രീ പാര്‍വ്വതി. ക്രിസ്തുമസ് അവധിക്ക് വീട്ടിലെത്തിയതായിരുന്നു. അംബികയുടെയും പരേതനായ കുമാരന്‍ നായരുടെയും മകളാണ്.

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരും. ഇവിടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റമോര്‍ട്ടത്തിനായി കൊണ്ടുപോകും.

അതേസമയം കാസര്‍കോട് പെണ്‍കുട്ടി ഭക്ഷ്യ വിഷബാധയേറ്റ് മരണമടഞ്ഞു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥാപനത്തിന്റെ എഫ് എസ് എസ് എ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.