സംസ്ഥാന സ്കൂള്‍ കലോത്സവത്തിനും പേരാമ്പ്രയെ മാതൃകയാക്കാം: ഭക്ഷണ വിതരണത്തിന് എല്ലാവരും നല്‍കുന്നു എ ഗ്രേഡ്.. യാതൊരു വിധ പരാതികള്‍ക്കും ഇടം നല്‍കാതെ ഭക്ഷണ വിതരണം



പേരാമ്പ്ര: പതിനായിരക്കണക്കിന് ആളുകള്‍ അണിനിരന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കൃത്യമായ പ്ലാനിങ്ങിലൂടെ പരാതികള്‍ക്കോ മറ്റ് പ്രശ്‌നങ്ങള്‍ക്കോ ഇടനല്‍കാതെ രുചികരമായ ഭക്ഷണം വിതരണം ചെയ്തുകൊണ്ട് കയ്യടി നേടിയിരിക്കുകയാണ് ഭക്ഷണകമ്മിറ്റി. മേള ആരംഭിച്ച ഞായറാഴ്ച മുതല്‍ അവസാനിക്കുന്ന ഇന്നുവരെ എഴുപതിനായിരത്തോളം പേര്‍ക്കാണ് ഇവിടെ ഭക്ഷണം വിളമ്പിയത്.

രചനാ മത്സരങ്ങള്‍ നടന്ന മേളയുടെ ആദ്യദിനം ആറായിരത്തോളം പേര്‍ക്കാണ് ഇവിടെ ആഹാരം വിളമ്പിയത്. സ്റ്റേജ് മത്സരങ്ങള്‍ ആരംഭിച്ച ചൊവ്വാഴ്ച ഉച്ചയ്ക്ക് പതിനായിരത്തിലേറെ പേരും രാത്രി മൂവായിരത്തോളം പേരും ഭക്ഷണം കഴിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പതിനൊന്നായിരത്തോളം പേര്‍ക്കും രാത്രി അയ്യായിരത്തിലേപ്പേര്‍ക്കും ഇവിടെ ആഹാരം വിതരണം ചെയ്തു. വ്യാഴാഴ്ച പതിനഞ്ചായിരത്തോളം പേരാണ് ഉച്ചഭക്ഷണം കഴിച്ചത്. രാത്രി ഒരുക്കിയ വെജിറ്റബിള്‍ ബിരിയാണി തീര്‍ന്നിട്ടും ഭക്ഷണവിതരണം തുടര്‍ന്നു. പിന്നീട് വിതരണം ചെയ്ത ചോറും സാമ്പാറും മൂവായിരത്തോളം പേരാണ് കഴിച്ചത്. വ്യാഴാഴ്ച രാത്രി ടോക്കണ്‍ ഇല്ലാത്തവര്‍ക്കും ഇവിടെ ഭക്ഷണം വിതരണം ചെയ്തിരുന്നു.

പേരാമ്പ്രയുടെ പല ഭാഗത്തായുള്ള വിവിധ വേദികളില്‍ കുട്ടികളുള്‍പ്പെട്ട സംഘത്തിന് പാര്‍സലായി ഭക്ഷണം എത്തിക്കാനും കൃത്യമായ സംവിധാനം ഒരുക്കിയിരുന്നു. രാവിലെ പതിനൊന്ന് മണിമുതല്‍ പാര്‍സല്‍ വിതരണം ആരംഭിക്കും. വ്യാഴാഴ്ച രാവിലെ പതിനൊന്നിന് ആരംഭിച്ച പാര്‍സല്‍ വിതരണം രാത്രി 1.40 വരെ നീണ്ടു. ഒരു കുട്ടിക്ക് പോലും ഭക്ഷണം കിട്ടാതായിട്ടില്ലെന്ന് സംഘാടകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഭക്ഷണത്തിന്റെ രുചിയുടെ കാര്യത്തിലും കോംപ്രമൈസ് ചെയ്തിരുന്നില്ല. ബിജു, രാജീവന്‍ എന്നിവരാണ് പാചകത്തിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തിരുന്നത്. സംഘാടകര്‍ക്കൊപ്പം നിന്നുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും അവര്‍ ചെയ്തു. ഭക്ഷണം വിതരണം ചെയ്തതില്‍ ഭൂരിപക്ഷവും അധ്യാപകരായിരുന്നു. പ്രദേശവാസികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായവും ലഭിച്ചു.

ഓരോ ദിവസവും വൈകുന്നേരം റിവ്യൂ കമ്മിറ്റി യോഗം ചേര്‍ന്ന് അന്നത്തെ കാര്യങ്ങള്‍ പരിശോധിച്ചു. പോരായ്മകള്‍ തിരുത്തി. ആദ്യദിനം പ്ലേറ്റിലാണ് ഭക്ഷണം വിതരണം ചെയ്തിരുന്നത്. പ്ലേറ്റുകള്‍ കഴുകി ഉപയോഗിക്കുന്നത് ഭക്ഷണവിതരണം താമസിപ്പിക്കാന്‍ ഇടയുണ്ട് എന്ന് കണ്ട് പിന്നീടുള്ള ദിവസങ്ങളില്‍ ഇലയിലേക്ക് മാറി. കൊയമ്പത്തൂരില്‍ നിന്നും ഇല എത്തിച്ചു. ഇവ വൃത്തിയാക്കുന്നതിനുള്ള സംവിധാനമുണ്ടാക്കി.

കുടിയ്ക്കാനും കൈകഴുകാനുമുള്ള വെള്ളം പ്രദേശത്തെ ആറോളം കിണറുകളില്‍ നിന്നാണ് ശേഖരിച്ചത്. കലോത്സവം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇവ വൃത്തിയാക്കി ക്ലോറിനേഷന്‍ ചെയ്ത് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സര്‍ട്ടിഫിക്കേഷന്‍ നേടിയെടുത്തശേഷമാണ് വെള്ളം ഉപയോഗിച്ചത്.

കുടിവെള്ളം കൈ കഴുകുന്നതിനുള്ള വെള്ളം പ്രദേശത്തെ ആറോളം കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്ത് ഹെല്‍ത്ത് സര്‍ട്ടിഫിക്കേഷന്‍ നേടിയെടുത്തു. ആറ് കൗണ്ടറുകളിലായാണ് ഭക്ഷണം വിതരണം ചെയ്തത്. ഓരോ കൗണ്ടറുകളിലും 25 വളണ്ടിയര്‍മാരാണ് ഉണ്ടായിരുന്നത്. കൗണ്ടറിന്റെ ചുമതലയുള്ള കൗണ്ടര്‍ മാനേജര്‍ ഭക്ഷണം കലവറയില്‍ നിന്നും കൗണ്ടറിലേക്ക് കൃത്യമായി എത്തിക്കുന്നതിലും ഡെപ്യൂട്ടി മാനേജര്‍ ആളുകളെ കൗണ്ടറിനുള്ളിലേക്ക് കടത്തിവിടുന്ന കാര്യങ്ങളും ശ്രദ്ധിച്ചു. കൃത്യമായ പ്ലാനിങ്ങോടുകൂടിയുള്ള പ്രവര്‍ത്തനങ്ങളും പൊതുജനങ്ങളുടെയും സന്നിദ്ധ സംഘടനകളുടെയും പ്രദേശവാസികളുടെയും പിന്തുണയുമാണ് ഇത്രയേറെ ജനപങ്കാളിത്തമുള്ള പരിപാടിയിലെ ഭക്ഷണവിതരണം കുറ്റമറ്റതാക്കിയതെന്ന് സംഘാടകര്‍ പറയുന്നു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദായിരുന്നു ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍. അധ്യാപകനായ ദേവാനന്ദന്‍ (അവിടനല്ലൂര്‍ എച്ച്.എസ്) ജനറല്‍ കണ്‍വീനറും സജീവന്‍ (മാട്ടനോട് എ.യു.പി സ്‌കൂള്‍ കായണ്ണ) ജോയിന്റ് കണ്‍വീനറുമായ കമ്മിറ്റിയാണ് ഭക്ഷണ വിതരണം നിയന്ത്രിച്ചത്.