സൗമ്യമായ പെരുമാറ്റംകൊണ്ട് ഏവരുടേയും പ്രിയങ്കരന്‍; 43 വര്‍ഷക്കാലമായി കൊയിലാണ്ടിയില്‍ കട നടത്തുന്നു; ഇനി ചെറിയാടത്ത് ഉണ്ണിക്കൃഷ്ണനില്ലാത്ത പാര്‍ത്ഥാസ് ഹാര്‍ഡ് വെയേഴ്‌സ്
ചെങ്ങോട്ടുകാവ്: കൊയിലാണ്ടിക്കാര്‍, പ്രത്യേകിച്ച് വാഹന ഉടമകള്‍ ഒരിക്കലെങ്കിലും നേരിട്ട് ഇടപെട്ടിട്ടുള്ളയാളായിരിക്കും ചേലിയ ചെറിയാടത്ത് ഉണ്ണിക്കൃഷ്ണന്‍. അദ്ദേഹത്തിന്റെ വിയോഗം പരിചയക്കാരെ സംബന്ധിച്ച് വലിയൊരു ശൂന്യതയാണ്.
കഴിഞ്ഞ 43 വര്‍ഷമായി കൊയിലാണ്ടിയുമായി ചേര്‍ന്നുകിടക്കുന്നതാണ് ഉണ്ണിക്കൃഷ്ണന്റെ ജീവിതം. കൊയിലാണ്ടി മുരളി പെട്രോള്‍ സമീപത്ത് തുടങ്ങിയ പാര്‍ത്ഥാസ് ഹാര്‍ഡ് വെയേഴ്‌സിലൂടെയാണ് അദ്ദേഹം ഇവിടുത്തുകാര്‍ക്ക് പരിചിതനായത്. വാഹനങ്ങളുടെ പെയിന്റുകള്‍ വില്‍ക്കുന്ന കട ആയായിരുന്നു തുടക്കം. അതിനുശേഷം കട പെട്രോള്‍ പമ്പിന് ഏതിര്‍വശത്തേക്ക് മാറി. അടുത്തിടെയായി സഹായത്തിന് മകനും കൂട്ടുണ്ടാവാറുണ്ട്. മറ്റ് ജോലിക്കാരൊന്നുമില്ല. കുറച്ചുകാലമായി വീടിന്റെ പെയിന്റും വില്‍പ്പനയുണ്ട്.
അധികലാഭം കൈപ്പറ്റാത്തതുകൊണ്ടുതന്നെ കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, ചിലപ്പോള്‍ കോഴിക്കോട് നിന്നടക്കം ആളുകള്‍ ഈ കടയിലെത്തിയാണ് പെയിന്റുകള്‍ വാങ്ങിക്കാറുള്ളത്. വരുന്നവരോടൊക്കെ വിശേഷങ്ങള്‍ തിരക്കിയും സൗമ്യതയോടെയും ഇടപെടും. അതുകൊണ്ടുതന്നെ വാഹന ഉടമകള്‍ക്കും വര്‍ഷോപ്പുകാര്‍ക്കും ഏറെ പരിചിതനും പ്രിയങ്കരനുമായിരുന്നു അദ്ദേഹം.
കഴിഞ്ഞദിവസം കടയില്‍ നിന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി പോയതായിരുന്നു അദ്ദേഹം. വീട്ടില്‍വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.
ചെറിയാടത്ത് കുഞ്ഞിരാമന്‍ നായരുടേയും പത്മിനി അമ്മയുടേയും മകനാണ് ഉണ്ണിക്കൃഷ്ണന്‍. ഭാര്യ: ശ്യാമള. മക്കള്‍: സനൂപ്, സിനോജ്. മരുമകള്‍: അശ്വതി. സഹോദരങ്ങള്‍: വേണുഗോപാല്‍, ഇന്ദിര, രമ, പരേതനായ ഗോപി.[mid5]