എട്ട് ദിവസം, മൂന്നു മന്ത്രിമാർ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അടക്കം പ്രഗത്ഭരായ കലാകാരന്മാര്‍, മെഗാ ഇവന്റുകൾ, ഫുഡ് ഫെസ്റ്റ്; മേപ്പയൂർ ഫെസ്റ്റിന് നാളെ തിരി തെളിയും
മേപ്പയൂർ: മേപ്പയൂർ ഫെസ്റ്റ് ജനകീയ സാംസ്കാരിക ഉത്സവം ഫെബ്രുവരി രണ്ട് മുതൽ ഒമ്പത് വരെ നടക്കും. ഞായറാഴ്ച വൈകീട്ട് സലഫി കോളജ് ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ ഫെസ്റ്റിന് തുടക്കമാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആയിരങ്ങൾ അണിനിരക്കുന്ന
ഘോഷയാത്രയിൽ പഞ്ചായത്തിലെ 17 വാർഡുകൾ മത്സര അടിസ്ഥാനത്തിൽ നിശ്ചല ദൃശ്യങ്ങളടക്കം നിരവധി കലാപ്രകടനങ്ങളുണ്ടാവും. 5 മണിക്ക് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
മെഗാ ഇവന്റുകൾ, ഫുഡ് ഫെസ്റ്റ് അമ്യൂസ്മെന്റ് പാർക്ക്, ആരോഗ്യ വിദ്യാഭ്യാസ പ്രദർശനം അനുബന്ധ സെമിനാറുകൾ, ഗ്രാമീണ കലാകാരന്മാരുടെ കലാപരിപാടികൾ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയുടെയും നാദ മഹാപ്രതിഭ പ്രകാശ് ഉള്ളിയേരിയുടെയും നേതൃത്വത്തിൽ പ്രഗൽഭരായ കലാകാരന്മാർ അണിനിരക്കുന്ന മ്യൂസിക് ഫ്യൂഷൻ നടക്കും.
ഫെബ്രുവരി മൂന്നിന് വൈകിട്ട് 5 മണിക്ക് നവ കേരളത്തിന്റെ ‘വികസന പരിപ്രക്ഷ്യം’ എന്ന വിഷയത്തിൽ നടക്കുന്ന വികസന സെമിനാർ ടി.പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. എം.എം നാരായണൻ, നിജേഷ് അരവിന്ദ്, ടി.പി ജയചന്ദ്രൻ, പി.ടി പ്രസാദ് എന്നിവർ പങ്കെടുക്കും. തുടർന്ന് രാത്രി എട്ടുമണിക്ക് ബിൻസി & ഇമാം അണിനിരക്കുന്ന സൂഫി സംഗീത രാവ് നടക്കും.
ഫെബ്രുവരി നാലിന് 5 മണിക്ക് നടക്കുന്ന സഹകരണ സെമിനാർ എം.മെഹബൂബ് ഉദ്ഘാടനം ചെയ്യും. എൻ. സുബ്രഹ്മണ്യൻ, മനയത്ത് ചന്ദ്രൻ എന്നിവർ പങ്കെടുക്കും. രാത്രി 7 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനവും അവാർഡ് ജേതാക്കൾക്കുള്ള ആദരവും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 7.30ന് പ്രശസ്ത മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ അവതരിപ്പിക്കുന്ന മാന്ത്രിക മഴവില്ല്, 8.30ന് പ്രശസ്ത സിനിമാ പിന്നണിഗായകൻ അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യാവിഷ്കാരവും നടക്കും.
ഫെബ്രുവരി അഞ്ച് വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന വിദ്യാഭ്യാസ സെമിനാർ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. 7.30ന് നടക്കുന്ന വ്യാപാരി ഫെസ്റ്റ് കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് എട്ടുമണിക്ക് കണ്ണൂർ ശരീഫ് നയിക്കുന്ന ഗാനമേള അരങ്ങേറും.
ഫെബ്രുവരി 6ന് ‘ലിംഗസമത്വം സാമൂഹികനീതി ജനാധിപത്യം’ എന്ന വിഷയത്തിൽ വനിതാ സെമിനാർ നടക്കും കെ.ജെ. ഷൈൻ ടീച്ചർ, മുൻ എംഎൽഎ ഇ.എസ് ബിജിമോൾ, ഡോ.സ്മിതാ പന്ന്യൻ, ഡോ.ആർ.എ അപർണ എന്നിവർ പങ്കെടുക്കും. തുടർന്ന് ഏഴുമണിക്ക് കുടുംബശ്രീ ഫെസ്റ്റ് നടക്കും.
ഫെബ്രുവരി 7ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് “എം.ടി എഴുത്തിന്റെ ആത്മാവ്” എന്ന വിഷയത്തിൽ നടക്കുന്ന സാഹിത്യ സെമിനാറിൽ പ്രശസ്ത സാഹിത്യകാരൻ വി.ആർ സുധീഷ്, പ്രശസ്ത നിരൂപകൻ സജയ് കെ.വി, ഡോ.മിനി പ്രസാദ്, രമേശ് കാവിൽ, നിമ്ന വിജയ് എന്നിവർ പങ്കെടുക്കും. തുടർന്ന് രാത്രി 7മണിക്ക് എം.ടി കഥാപാത്രങ്ങളെ ആവിഷ്കരിക്കുന്ന നാടകീയ നൃത്തശില്പം, 7.30ന് സ്കൂൾ ഫെസ്റ്റ് എന്നിവ നടക്കും.
ഫെബ്രുവരി 9 ഞായറാഴ്ച 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയാവും. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. തുടർന്ന് രാത്രി 7.30ന് തകര മ്യൂസിക്കൽ ബാൻഡ് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ് അരങ്ങേറും.
പലജാതി മനുഷ്യർ പല ലക്ഷ്യങ്ങളിലൂടെ ഒത്തുചേരുക, അറിഞ്ഞും അറിയാതെയുമുള്ള കൊടുക്കൽ വാങ്ങലുകൾ, കച്ചവടത്തിന്റെയും കലാനൈപുണിയുടെയും ആവിഷ്കാരത്തിനും ആസ്വാദനത്തിനുമുള്ള വേദികൾ, ബഹുസ്വരമായ സർഗ്ഗഭാവനയുടെ ഉത്സവമായാണ് മേപ്പയൂർ ഫെസ്റ്റ് വിഭാവനം ചെയ്യപ്പെടുന്നത്. വാർത്താസമ്മേളനത്തിൽ മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സ്വാഗതസംഘം ചെയർമാനുമായ കെ. ടി. രാജൻ ജനറൽ കൺവീനർ വി. സുനിൽ രക്ഷാധികാരി കെ. കുഞ്ഞിരാമൻ, ഫെസ്റ്റ് കോഡിനേറ്റർ എ.സി. അനൂപ്,പബ്ലിസിറ്റി കമ്മിറ്റി കൺവീനർ നിഷാദ് പൊന്നങ്കണ്ടി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. പി. അനിൽകുമാർ, വൈസ് ചെയർമാൻ ബാബു കൊളക്കണ്ടി, കൺവീനർ ഇ.കുഞ്ഞിക്കണ്ണൻ റിസപ്ഷൻ കമ്മിറ്റി ചെയർപേഴ്സൺ റാബിയ ഇടത്തിക്കണ്ടി എന്നിവർ പങ്കെടുത്തു.
Description: Folk song performed by Atul Narukara and his team, Meppayur fest will be lit tomorrow