പൂക്കളുടെ വിസ്മയലോകം കാണാന്‍ ഇനി ചുരം കയറേണ്ട; 15000 സ്‌ക്വയര്‍ ഫീറ്റില്‍ കോഴിക്കോട് ബീച്ചിലുണ്ട് പൂക്കടല്‍
കോഴിക്കോട്: 15000 സ്‌ക്വയര്‍ ഫീറ്റില്‍ നിറയെ ചെടികള്‍, പൂക്കള്‍, ഔഷധസസ്യങ്ങള്‍, അപൂര്‍വ്വമായ അലങ്കാര ചെടികള്‍ എന്നിവ അതിമനോഹരമായി ഒരുക്കിവെച്ച ഒരു ഉദ്യാനം, അതാണ് കോഴിക്കോട്ടെ പൂക്കടല്‍. നയനമനോഹരമായ ഈ കാഴ്ചകാണാന്‍ ദൂരെയിടങ്ങളില്‍ നിന്നുവരെ ആളുകള്‍ കോഴിക്കോട് ബീച്ചിലെത്തുകയാണ്.
വൈവിധ്യമാര്‍ന്ന ചെടികളും പൂക്കളുംകൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് കാലിക്കറ്റ് ഫ്‌ളവര്‍ ഷോ.
മുല്ല, പിച്ചി, മന്ദാരം, ജമന്തി മുതല്‍ ജെനിയം, വെര്‍ബിനിയ, കൃസാന്തം ഓള്‍ സീസണ്‍ ബോഗണ്‍വില്ല തുടങ്ങി ചെടികളുടെ അപൂര്‍വ്വ ശേഖരങ്ങള്‍ക്ക് പുറമെ വിവിധ ഇനം ചെടികളും വിത്തുകളും ഷോയില്‍ ലഭ്യമാണ്.
വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പുഷ്പങ്ങള്‍ക്കും ചെടികള്‍ക്കും പുറമെ ജലസസ്യങ്ങള്‍ മുതല്‍ ഔഷധസസ്യങ്ങള്‍ വരെ ഇവിടെയുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകളും വിവിധ ഇനം അലങ്കാര ചെടികളുടെ വില്‍പ്പന സ്റ്റാളുകളും, കാര്‍ഷിക ഉപകരണ വില്‍പ്പന സ്റ്റാളുകളും ഷോയിലുണ്ട്.
പൂക്കാഴ്ചകള്‍ക്ക് പുറമേ പൂക്കള്‍ ഉപയോഗിച്ചുള്ള വിവിധ മത്സരങ്ങളും കാഴ്ചക്കാര്‍ക്കുവേണ്ടി ഫ്‌ളവര്‍ഷോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഒപ്പം രുചിയേറിയ ഭക്ഷണ വിഭവങ്ങളുടെ ഫുഡ്‌സ്‌പോര്‍ട്ടും ഇവിടെയുണ്ട്.
ജനുവരി 29 വരെയാണ് ഫ്‌ളവര്‍ഷോ. എല്ലാ ദിവസവും രാത്രി ഏഴിന് കലാപരിപാടികളും അരങ്ങേറും. വിവിധ വിഷയങ്ങളില്‍ കര്‍ഷകര്‍ക്കായി സെമിനാറുകളും പഠന ക്ലാസ്സുകളും നടക്കും.
mid3]