രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമ പോലെ കളിസ്ഥലത്തിനായി പോരാട്ടത്തിനൊരുങ്ങി അരിക്കുളത്തെ ജനങ്ങള്‍; പുറംപോക്ക് ഭൂമി പൊതു ഇടമായി നിലനിര്‍ത്താനുള്ള സമരം ശക്തമാക്കാനൊരുങ്ങി ജനകീയ കര്‍മസമിതി


അരിക്കുളം: അരിക്കുളത്തെ പൊതു പരിപാടികള്‍ക്കും കായിക വിനോദത്തിനും ഉപയോഗിക്കുന്ന പുറംപോക്ക് ഭൂമി പൊതു ഇടമായി നിലനിര്‍ത്താനുള്ള സമരം ശക്തമാക്കാനൊരുങ്ങി ജനകീയ കര്‍മസമിതി. രണ്ട് പതിറ്റാണ്ടിലേറെ കാലമായി അരിക്കുളം ഗ്രാമപഞ്ചായത്തില്‍ പൊതു പരിപാടികള്‍ക്കും കായിക വിനോദത്തിനുമായി ഉപയോഗിച്ച് വരുന്ന പുറംപോക്ക് ഭൂമി പൊതു ഇടമായി നിലനിര്‍ത്താനുള്ള സമരം ശക്തമാക്കാന്‍ ജനകീയ കര്‍മസമിതി യോഗം തീരുമാനിച്ചു.

ഒന്‍പതാം വാര്‍ഡില്‍ ഉള്‍പ്പെട്ട പുറംപോക്ക് ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ പ്രത്യേക ഗ്രാമസഭ ചേര്‍ന്ന് പ്രമേയം പാസ്സാക്കിയതാണ്. 118 പേര്‍ പങ്കെടുത്ത ഗ്രാമസഭയില്‍ 117 പേരും പ്രമേയത്തെ പിന്തുണച്ചതാണ്. എന്നാല്‍ ജനാഭിപ്രായം മാനിക്കാത്ത ഭരണ സമിതിയുടെ സമീപനത്തില്‍ പ്രതിഷേധം ശക്തമാണ്.

നിലവില്‍ പഞ്ചായത്തിന്റെതായി കളിസ്ഥലമോ പൊതുജനങ്ങള്‍ക്ക് ഒത്ത് കൂടാന്‍ പൊതു ഇടമോ ഇല്ല. ഈ സാഹചര്യത്തില്‍ അരിക്കുളം പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് എല്‍പി സ്‌കൂളിനും അംഗന്‍വാടിക്കും സമീപത്തുള്ള ജലസേചന വകുപ്പിന്റെ പുറംപോക്ക് ഭൂമി മാലിന്യ സംഭരണ കേന്ദ്രമാക്കാനുള്ള ഭരണ സമിതിയുടെ തീരുമാനത്തിനെതിരെ കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തി വരുന്ന സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ജനുവരി 25 ന് അരിക്കുളം പഞ്ചായത്ത് മുക്കില്‍ ബഹുജന ധര്‍ണ നടത്താന്‍ കര്‍മ്മ സമിതി യോഗം തീരുമാനിച്ചു.

വാര്‍ഡ് മെമ്പര്‍ ശ്യാമള ഇടപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. സി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.കെ. അന്‍സാരി, എസ്. സതീദേവി, ടി.എം. പ്രതാപചന്ദ്രന്‍, ഹമീദ്, പി.എം. ഭാസ്‌കരന്‍, സുജാത സുരഭി നിവാസ്, ദിലീപ് പള്ളിക്കല്‍, മുസ്തഫ കുറ്റിക്കണ്ടി എന്നിവര്‍ സംസാരിച്ചു. സി. രാഘവന്‍ സ്വാഗതം പറഞ്ഞു.