സംസ്ഥാന സബ് ജൂനിയർ കബഡി ടീമിൽ കൊയിലാണ്ടിയിൽ നിന്ന് അഞ്ച് പെൺപുലികൾ; ജാർഖണ്ഡിൽ കേരളത്തിനായി കളത്തിലിറങ്ങും
കൊയിലാണ്ടി: കബഡി മത്സരത്തിൽ ചരിത്രം രചിച്ചിരിക്കുകയാണ് കൊയിലാണ്ടിയിലെ പെൺപുലികൾ. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ഗോൾസ് മത്സരത്തിലാണ് കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ചുള്ള സംഘം ഒന്നാമതായത്. സബ് ജൂനിയർ ഗേൾസിലുള്ള വിജയം ആദ്യമായി ലഭിക്കുന്നതിനാൽ അതിയായ സന്തോഷത്തിലാണ് ട്രെയിനർമാരും മത്സരാർത്ഥികളും. പന്തലായനി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പത് വിദ്യാർത്ഥികളും തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ മൂന്ന് വിദ്യാർത്ഥികളുമാണ് ജില്ലയ്ക്കായി കളത്തിലിറങ്ങിയത്. ഇവരിൽ അഞ്ച് പേർ ദേശീയതല മത്സരത്തിലേക്ക് യോഗ്യത നേടിയത് ഇരട്ടിമധുരമായി.
കോട്ടയത്ത് നടത്തിയ 32-മത് കേരള കബഡി അസോസിയേഷന്റെ സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിൽ തിരുവങ്ങൂർ സ്കൂളിലെ വെെഗ, അനന്യ, ആഷ്ലി, പന്തലായനി സ്കൂളിലെ അലിന, ദേവഗംഗ, ആരതി, ഗോപിക, വിസ്മയ, ദിൽന, വെെഗ, അനന്യ, സ്നേഹ എന്നിവരാണ് മത്സരിച്ചത്. ഇവരിൽ അലിന, ദേവഗംഗ, ഗോപിക, ദിൽന, ആരതി എന്നിവർ സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ അവസാനത്തോടെ ജാർഖണ്ഡിൽ നടക്കുന്ന ദേശീയ മത്സരത്തിൽ വിദ്യാർത്ഥികൾ കേരളത്തിനായി കളത്തിലിറങ്ങും.
മറ്റ് കാറ്റഗറികൾ ജില്ല വിജയികളായിട്ടുണ്ട്. എന്നാൽ സബ് ജൂനിയറിലെ വിജയം ആദ്യമായാണ്. മികവാർന്ന പ്രകടനമാണ് മത്സരത്തിലുടനീളം കുട്ടികൾ കാഴ്ചവെച്ചതെന്ന് ട്രെയിനർ രശ്മി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ചരിത്ര വിജയത്തോടൊപ്പം സംസ്ഥാന ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്നും അവ് കൂട്ടിച്ചേർത്തു. പന്തലായനി, തിരുവങ്ങൂർ സ്കൂളുകളിലെ എട്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ചത്.
Summary: five students from Panthalayani hss selected fro state kabadi team