പരസ്പരം ചേര്‍ത്തുപിടിച്ച് വെള്ളച്ചാട്ടത്തെ അതിജീവിക്കാന്‍ ശ്രമം, മരത്തിന്റെ വള്ളികള്‍ വലിച്ചെടുത്ത് താഴ്ത്തി നല്‍കിയും മറ്റും രക്ഷിക്കാന്‍ ശ്രമിച്ച് ദൃക്‌സാക്ഷികളും; പിഞ്ചുകുട്ടിയടക്കം അഞ്ചുപേര്‍ ഒലിച്ചുപോയത് മരണമുഖത്തേക്ക്- വീഡിയോ


മുംബൈ: ലോണാവാലയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടത്തില്‍ കുടുംബം ഒലിച്ചുപോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഏഴംഗ കുടുംബമാണ് ഒലിച്ചുപോയത്. സംഭവത്തില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്താനുണ്ട്.

പുനെ സ്വദേശികളായ ഷാഹിസ്ത അന്‍സാരി (36), അമീമ അന്‍സാരി (13), ഉമേര അന്‍സാരി (8) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അദ്നാന്‍ അന്‍സാരി (4), മരിയ സയ്യദ് (9) എന്നിവരെയാണ് കാണാതായത്. പൂനെ സിറ്റിയിലെ സയ്യദ് നഗര്‍ പ്രദേശത്താണ് കുടുംബം താമസിക്കുന്നത്.

80 കിലോമീറ്റര്‍ അകലെയുള്ള ഹില്‍ സ്റ്റേഷനില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു കുടുംബം. എല്ലാവരും ബുഷി അണക്കെട്ടിന് സമീപത്തെ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയിരുന്നു. എന്നാല്‍ കനത്ത മഴയില്‍ ഡാമില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ വെള്ളച്ചാട്ടത്തിന്റെ ശക്തി വര്‍ധിക്കുകയായിരുന്നു. രക്ഷപ്പെടാനായി വെള്ളച്ചാടത്തിന് നടുവിലെ പാറയില്‍ എല്ലാവരും കയറി നിന്നെങ്കിലും ഒഴുക്ക് വര്‍ധിച്ചതോടെ പാറയും മുങ്ങി.

പുറത്ത് കണ്ടുനിന്നവര്‍ മരത്തിന്റെ വലിയ വള്ളികള്‍ വലിച്ചെടുത്തും മറ്റും ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തുന്നതിനിടെ ശക്തമായ ഒഴുക്കില്‍ ഇവര്‍ പെട്ടുപോകുകയായിരുന്നു.